ക്വാറന്റൈൻ നയം ചോദ്യം ചെയ്തതിന് മാധ്യമപ്രവർത്തകനെതിരെ എടുത്ത കേസ് കോടതി റദ്ദാക്കി
സുബൈറിന്റെ ട്വീറ്റിൽ പൊതുജനാരോഗ്യത്തിന് എതിരായതോ സർക്കാർ നടപടികളെ തടസപ്പെടുത്തുന്നതോ ആയ ഒന്നുമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
കോവിഡ് രോഗികളുമായി ഫോണിൽ സംസാരിച്ചവരെ ക്വാറന്റൈനിലയച്ച ഭരണകൂട നിലപാട് ചോദ്യം ചെയ്തതിന് മാധ്യമപ്രവർത്തകനെതിരെയെടുത്ത കേസ് കോടതി റദ്ദാക്കി. ആൻഡമാൻ നിക്കോബാർ സ്വദേശിയും മലയാളിയുമായ സുബൈർ അഹ്‍മദിനെതിരെ പോർട്ട് ബ്ലെയറിലെ ആബർദീൻ പോലീസ് എടുത്ത കേസാണ് കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കിയത്.
2020 ഏപ്രിലിലാണ് കോവിഡ് രോഗികളുമായി ഫോണിൽ സംസാരിച്ചതിന് ആൻഡമാൻ സ്വദേശികളായ ചിലരെ ആൻഡമാൻ ഭരണകൂടം ക്വാറന്റൈനിലയച്ചത്. ഇത് ചോദ്യം ചെയ്ത് സുബൈർ ഏപ്രിൽ 27ന് ട്വീറ്റ് ചെയ്തു. ഇതിനെതിരെയാണ് പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്. പകർച്ചവ്യാധി നിയമപ്രകാരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു, സർക്കാർ നിയന്ത്രണങ്ങൾക്കെതിരെ പ്രചാരണം നടത്തി, രോഗിയായിരിക്കെ പുറത്തിറങ്ങി നടന്ന് രോഗം പരത്തി, സർക്കാർ ഉത്തരവുകൾ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങളായിരുന്നു ചുമത്തിയത്.
സുബൈറിന്റെ ട്വീറ്റിൽ പൊതുജനാരോഗ്യത്തിന് എതിരായതോ സർക്കാർ നടപടികളെ തടസപ്പെടുത്തുന്നതോ ആയ ഒന്നുമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കോവിഡ് രോഗിയല്ലാത്ത സുബൈർ ചുറ്റി നടന്ന് രോഗം പരത്തിയെന്ന കേസ് അധികാര ദുർവിനിയോഗമാണെന്നും നീതിന്യായ വ്യവസ്ഥയുടെ ദുരുപയോഗമാണെന്നും കോടതി കുറ്റപ്പെടുത്തി. മലയാളിയായ സുബൈർ ആൻഡമാനിൽ നിന്നിറങ്ങുന്ന സൺഡേ ഐലാൻഡർ എന്ന പത്രത്തിന്റെ എഡിറ്ററാണ്.