'വൈകുന്നേരത്തോടെ മറുപടി നൽകണം, അല്ലെങ്കിൽ...': മോർബി പാലം ദുരന്തത്തിൽ മുന്‍സിപ്പാലിറ്റിക്ക് കര്‍ശന താക്കീതുമായി കോടതി
ഡെപ്യൂട്ടി കലക്ടർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതുകൊണ്ടാണ് കാലതാമസം വന്നതെന്നാണ് വിശദീകരണം
അഹമ്മദാബാദ്: മോർബി പാലം ദുരന്തത്തിൽ റിപ്പോർട്ട് സമർപ്പിക്കാത്ത മുൻസിപ്പാലിറ്റിക്കെതിരെ രൂക്ഷവിമർശനുമായി ഗുജറാത്ത് ഹൈക്കോടതി.രണ്ട് തവണ നോട്ടീസ് നൽകിയിട്ടും റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയെന്നും കോടതി നിരീക്ഷിച്ചു. വൈകുന്നേരത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെങ്കിൽ ഒരു ലക്ഷം രൂപ പിഴ അടക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
അതേസമയം, മുന്‍സിപ്പാലിറ്റിയുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതുകൊണ്ടാണ് കാലതാമസം വന്നതെന്ന് തദ്ദേശ സ്ഥാപനത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ദുരന്തത്തിൽ കോടതി സ്വമേധയാണ് കേസെടുത്തത്. ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് അശുതോഷ് ജെ ശാസ്ത്രി എന്നിവരാണ് കേസ് പരിഗണിക്കുന്നത്.
150 വർഷം പഴക്കമുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി കരാർ നൽകിയ രീതിയെക്കുറിച്ച് ചൊവ്വാഴ്ച കോടതി നേരിട്ട് ഉത്തരം തേടിയിരുന്നു.'സർക്കാർ സ്ഥാപനമായ മുനിസിപ്പാലിറ്റി വീഴ്ച വരുത്തി, പാലം വീണ്ടും തുറക്കുന്നതിന് മുമ്പ് അതിന്റെ ഫിറ്റ്‌നസ് സാക്ഷ്യപ്പെടുത്തുന്നതിനുള്ള ഒരു വ്യവസ്ഥയും പാലിച്ചില്ലെന്നും അതിന് ഉത്തരവാദി ആരാണെന്നും വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. പാലത്തിന്റെ പരിപാലനത്തിനായുളള കരാറുകാരന്റെ കാലാവധി 2016 ൽ അവസാനിച്ചിരുന്നു. എന്നിട്ടും മോർബി മുൻസിപ്പൽ കോർപ്പറേഷൻ പുതിയ ടെൻഡർ നൽകിയില്ലെന്നും കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പാലത്തിന്റെ അറ്റകുറ്റപ്പണികൾ സംബന്ധിച്ച് സ്വകാര്യ കരാറുകാരനും മോർബി മുനിസിപ്പൽ കോർപ്പറേഷനും തമ്മിലുണ്ടാക്കിയ കരാർ സമർപ്പക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
മോർബി മുൻസിപ്പാലിറ്റി വിഷയത്തിൽ 'സ്മാർട്ടായി അഭിനയിക്കുന്നുവെന്നും' കോടതി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഒക്‌ടോബർ 30ന് നടന്ന സംഭവത്തെ കുറിച്ചുള്ള ഹിയറിംഗിൽ മുൻസിപ്പാലിറ്റിയെ പ്രതിനീധീകരിച്ച് ആരും എത്തിയിരുന്നില്ല. ഇതും കോടതിയെ ചൊടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് അവർ സ്മാർട്ടായി അഭിനയിക്കുന്നുവെന്ന വിമർശനം ഉന്നയിച്ചത്. വിഷയത്തിൽ കോടതിയിൽ മുൻസിപ്പാലിറ്റി നേരിട്ട് മറുപടി നൽകണമെന്നും ഉത്തരവിട്ടു. പതിറ്റാണ്ടുകളായി ബി.ജെ.പിയാണ് മുൻസിപ്പാലിറ്റി ഭരിക്കുന്നത്.
ചരിത്രപ്രസിദ്ധമായ കൊളോണിയൽ കാലഘട്ടത്തിലെ പാലമാണ് തകർന്നുവീണത്. ഇതിന്റെ അറ്റകുറ്റപ്പണികൾക്കായി മാർച്ചിലാണ് ഒറെവ കമ്പനിയെ നിയമിക്കുന്നത്. ഏഴു മാസത്തിനു ശേഷം ഒക്ടോബർ 26 ന് ഗുജറാത്തി പുതുവത്സരം ആഘോഷ വേളയിലാണ് പാലം വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. അറ്റകുറ്റപ്പണികൾക്കായി കുറഞ്ഞത് എട്ട് മുതൽ 12 മാസം വരെ പാലം അടച്ചിടുമെന്നായിരുന്നു കമ്പനി കരാറിൽ അറിയിച്ചിരുന്നത്. എന്നാൽ അത് ലംഘിച്ച് കഴിഞ്ഞയാഴ്ച പാലം തുറന്നത് ഗുരുതരവും നിരുത്തരവാദപരവുമായ വീഴ്ചയാണെന്ന് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു.