രാജ്യത്ത് 44,111 പേർക്ക് കൂടി കോവിഡ്; 738 മരണം
57,477 പേര്‍ രോഗമുക്തി നേടി, ചികിത്സയില്‍ കഴിയുന്നത് 4,95,533 പേര്‍
രാജ്യത്ത് 24 മണിക്കൂറിനിടെ 44,111 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 57,477 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 738 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ കോവിഡ് മരണങ്ങള്‍ 4,01,050 ആയി.
3,05,02,362 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 2,96,05,779 പേര്‍ രോഗമുക്തരാവുകയും ചെയ്തു. നിലവില്‍ 4,95,533 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ കഴിയുന്നത്. 34,46,11,291 പേര്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ഗര്‍ഭിണികള്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കോവിന്‍ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തും വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയും കുത്തിവെപ്പെടുക്കാം. ഗര്‍ഭിണികള്‍ കോവിഡ് ബാധിതരാകുന്നത് സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വാക്‌സിന്‍ നയങ്ങളില്‍ കേന്ദ്രം സുപ്രധാന മാറ്റം കൊണ്ടുവന്നിരിക്കുന്നത്.