കോവിഡ് വാക്സിൻ സ്ലോട്ട് ഇനി വാട്സ്ആപ്പ് വഴിയും ബുക്ക് ചെയ്യാം

കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്

Update: 2021-08-24 05:37 GMT
Advertising

കോവിഡ് വാക്സിന്‍ സ്ലോട്ട് ഇനി വാട്സ്ആപ്പ് വഴിയും ബുക്ക് ചെയ്യാം. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം അവസാനത്തോടെ എല്ലാ മുതിർന്നവർക്കും കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കാനാണ് നീക്കം.

"സൗകര്യത്തിന്‍റെ ഒരു പുതിയ യുഗം തുറക്കുന്നു. ഇനി മിനിറ്റുകൾക്കുള്ളിൽ നിങ്ങളുടെ ഫോണിൽ നിന്നും എളുപ്പത്തിൽ കോവിഡ് വാക്സിൻ സ്ലോട്ടുകൾ ബുക്ക് ചെയ്യാം"- കേന്ദ്ര ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തു. എങ്ങനെയാണ് വാട്സ്ആപ്പ് വഴി ബുക്ക് ചെയ്യേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.

+91 9013151515 എന്ന ഫോണ്‍ നമ്പറിലേക്ക് വാട്സ്ആപ്പില്‍ നിന്നും Book Slot എന്ന് സന്ദേശം അയക്കണം. തുടര്‍ന്ന് എസ്എംഎസായി ലഭിക്കുന്ന 6 അക്ക ഒടിപി നമ്പര്‍ ചേര്‍ക്കണം. തുടര്‍ന്ന് വാക്സിനേഷനായുള്ള തിയ്യതി, സ്ഥലം, പിന്‍കോഡ്, ഏത് വാക്സിന്‍ എന്നിവ തെരഞ്ഞെടുക്കാം.

വാട്സാപ്പ് വഴി വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള സൗകര്യം ഈ മാസം ആദ്യം സർക്കാർ ഏർപ്പെടുത്തിയിരുന്നു. ചില സന്ദർഭങ്ങളിൽ കോവിൻ പോര്‍ട്ടലിലെ തകരാര്‍ കാരണം സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. നിലവില്‍ യാത്രകളിലും മറ്റും വാക്സിനെടുത്തെന്ന തെളിവ് ആവശ്യമായതിനാല്‍ സര്‍ട്ടിഫിക്കറ്റ് എപ്പോഴും കയ്യില്‍ കരുതേണ്ടതുണ്ട്. വാട്സ് ആപ്പ് വഴി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യാം.

3 ഘട്ടങ്ങളിലൂടെ കോവിഡ് സര്‍ട്ടിഫിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യാം. +91 9013151515 എന്ന നമ്പറില്‍ covid certificate എന്ന് ടൈപ്പ് ചെയ്ത് അയയ്ക്കുക. ഒടിപി നൽകുക. ഉടന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

രാജ്യത്ത് ഇതുവരെ 58.8 കോടി വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്. 108 കോടി മുതിർന്നവർക്ക് ഈ വര്‍ഷം അവസാനത്തോടെ വാക്സിന്‍ നല്‍കാനാണ് നീക്കം.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News