കോവിഡിന്‍റെ പുതിയ ഡെല്‍റ്റ വകഭേദം; ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
ആറു സംസ്ഥാനങ്ങളിലായി 17 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. വ്യാപന വേഗത 15 ശതമാനം കൂടുതലാണ് പുതിയ വകഭേദത്തിനെന്നാണ് കണ്ടെത്തൽ
രാജ്യത്ത് ഡെൽറ്റ വൈറസിന്‍റെ പുതിയ വകഭേദമായ എ.വൈ 4.2 വ്യാപിക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആറു സംസ്ഥാനങ്ങളിലായി 17 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. വ്യാപന വേഗത 15 ശതമാനം കൂടുതലാണ് പുതിയ വകഭേദത്തിനെന്നാണ് കണ്ടെത്തൽ.
കിഴക്കൻ യൂറോപ്പിലും ബ്രിട്ടനിലും റിപ്പോര്‍ട്ട് ചെയ്ത കോവിഡിന്‍റെ പുതിയ ഡെൽറ്റ വകഭേദം എ.വൈ 4.2 ഇന്ത്യയില്‍ സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധര്‍ അറിയിച്ചു. ജനിതക ശ്രേണീകരണ പരിശോധനയിൽ കേവലം 0.1 ശതമാനം സാമ്പിളുകളിൽ മാത്രമേ പുതിയ ഡെൽറ്റാ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളൂ എന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ആശങ്കപ്പെടേണ്ട കോവിഡ് വകഭേദങ്ങളുടെ പട്ടികയിലാണ് എ.വൈ 4.2നെ യു.കെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡെൽറ്റ വകഭേദത്തേക്കാൾ പകർച്ചവ്യാപന ശേഷി എ.വൈ 4.2 വകഭേദത്തിന് കൂടുതലാണെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. അതേസമയം, ഡെൽറ്റ- ആൽഫ വകഭേദങ്ങളെപ്പോലെ വലിയ ഭീഷണി പുതിയ വൈറസ് ഉയർത്തില്ലെന്നും വിദഗ്ധര്‍ പറയുന്നു. യു.കെയില്‍ ശരാശരിയിൽ ഏകദേശം ആറുശതമാനം കേസുകളും ഈ പുതിയ വകഭേദത്താലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക, ജര്‍മനി, ഡെന്‍മാര്‍ക്ക്, റഷ്യ, ഇസ്രയേല്‍ എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിരുന്നു.
അതേസമയം രാജ്യത്ത് കോവിഡ് പ്രതിദിന കണക്കിലും വർധനവ് രേഖപ്പെടുത്തി. 16,156 കേസുകളും 733 മരണവുമാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാൾ രോഗികളുടെ എണ്ണത്തിൽ 20 ശതമാനത്തിന്‍റെ വർധനവുണ്ടായി. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വൽസെ പാട്ടീലിനും കോവിഡ് സ്ഥിരീകരിച്ചു.