മധുര കോർപറേഷനിൽ ഡെപ്യൂട്ടി മേയർ സ്ഥാനം സിപിഎമ്മിന്‌

ഡപ്യൂട്ടി മേയര്‍ സ്ഥാനം കൂടാതെ രണ്ട്‌ നഗരസഭാ ചെയർമാൻ, മൂന്ന്‌ വൈസ്‌ ചെയർമാൻ, മൂന്ന്‌ റൂറൽ പഞ്ചായത്ത്‌ പ്രസിഡന്‍റ്, ആറ്‌ വൈസ്‌ പ്രസിഡന്‍റ് സ്ഥാനങ്ങളും സിപിഎമ്മിനാണ്

Update: 2022-03-04 03:29 GMT
Advertising

തമിഴ്‌നാട്‌ മധുര കോർപറേഷനിൽ ഡെപ്യൂട്ടി മേയർ സ്ഥാനം സിപിഎമ്മിന്‌. ടി നാഗരാജനെയാണ് സിപിഎം ഈ സ്ഥാനത്തേക്ക് പ്രഖ്യാപിച്ചത്. ആദ്യമായാണ് മധുര കോര്‍പറേഷനിലെ സുപ്രധാന സ്ഥാനം സിപിഎമ്മിന് ലഭിച്ചത്.

തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്കൊപ്പമാണ് സിപിഎം മത്സരിച്ചത്. മധുരയിലെ 100 വാര്‍ഡ് കൌണ്‍സിലുകളില്‍ 67 സീറ്റില്‍ വിജയിച്ചത് ഡിഎംകെയാണ്. സിപിഎമ്മില്‍ നിന്ന് നാല് പേര്‍ വിജയിച്ചു.

ഡപ്യൂട്ടി മേയര്‍ സ്ഥാനം കൂടാതെ രണ്ട്‌ നഗരസഭാ ചെയർമാൻ, മൂന്ന്‌ വൈസ്‌ ചെയർമാൻ, മൂന്ന്‌ റൂറൽ പഞ്ചായത്ത്‌ പ്രസിഡന്‍റ്, ആറ്‌ വൈസ്‌ പ്രസിഡന്‍റ് സ്ഥാനങ്ങളും സിപിഎമ്മിനാണ്. തിരുപ്പൂർ ജില്ലയിലെ തിരുമുരുകൻപൂണ്ടിയിൽ പി സുബ്രഹ്മണ്യവും കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട്‌ ആർ ലളിതയും നഗരസഭാ ചെയർമാന്മാരാകും. തിരുവാരൂർ ജില്ലയിലെ തിരുത്തുറൈപൂണ്ടിയിൽ എസ്‌ രാമലോക ഈശ്വരി, കടലൂർ ജില്ലയിലെ ചിദംബരത്ത്‌ മുത്തുക്കുമരൻ, ദിണ്ഡിക്കൽ ജില്ലയിലെ പഴണിയിൽ കെ കന്ദസ്വാമി എന്നിവർ വൈസ്‌ ചെയർമാന്മാരാകും.

റൂറൽ പഞ്ചായത്തിൽ കോയമ്പത്തൂർ ജില്ലയിലെ പെരിയനായ്‌ക്കൻപാളയത്ത്‌ എൻ ശിവരാജൻ, ഈറോഡ്‌ ജില്ലയിലെ അന്തിയൂരിൽ എസ്‌ ഗീത, തിരുനെൽവേലി ജില്ലയിലെ വീരവനല്ലൂരിൽ പി ഗീത എന്നിവർ പ്രസിഡന്‍റുമാരാകും. ദിണ്ഡിക്കൽ ജില്ലയിലെ വടമധുരയിൽ എം മലൈച്ചാമി, തിരുച്ചിറപ്പള്ളി ജില്ലയിലെ തൊട്ടിയത്ത്‌ ആർ കലൈശെൽവി, തേനി ജില്ലയിലെ പണ്ണയാപുരത്ത്‌ എസ്‌ ചുരളിവേൽ, പുതുക്കോട്ട ജില്ലയിലെ കീരനൂരിൽ എം മഹാലക്ഷ്‌മി, തിരുപ്പൂർ ജില്ലയിലെ തളിയിൽ ജി ശെൽവൻ, നീലഗിരി ജില്ലയിലെ തേവർചോലൈയിൽ എ വി ജോസ്‌ എന്നിവർ വൈസ്‌ പ്രസിഡന്റുമാരാകും. സിപിഎം പദവികള്‍ സംബന്ധിച്ച് മുഖ്യമന്ത്രി എം കെ സ്‌റ്റാലിനും സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണനും തമ്മില്‍ ധാരണയായി.

തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യം ചരിത്ര വിജയമാണ് സ്വന്തമാക്കിയത്. ഡിഎംകെ സഖ്യത്തിന്‍റെ തേരോട്ടത്തില്‍ എഐഎഡിഎംകെ കടപുഴകി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News