ശിൽപ ഷെട്ടി, എം.എസ് ധോണി, അഭിഷേക് ബച്ചൻ..; 95 ഇന്ത്യൻ താരങ്ങളുടെ പേരിൽ വൻ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്; അഞ്ചംഗസംഘം അറസ്റ്റിൽ
താരങ്ങളുടെ ജി.എസ്.ടി വിവരങ്ങൾ ഗൂഗിളിൽനിന്നാണ് സംഘടിപ്പിക്കുന്നതെന്ന് ചോദ്യംചെയ്യലിൽ സംഘം വെളിപ്പെടുത്തി
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം.എസ് ധോണി, ബോളിവുഡ് താരങ്ങളായ ശിൽപ ഷെട്ടി, അഭിഷേക് ബച്ചൻ അടക്കം പ്രമുഖരുടെ വിവരങ്ങൾ സ്വന്തമാക്കി വൻ തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ. രാജ്യത്തെ ചലച്ചിത്ര, കായികരംഗങ്ങളിൽനിന്നുള്ള 95 പ്രമുഖരുടെ പാൻകാർഡ് വിവരങ്ങൾ സ്വന്തമാക്കി 50 ലക്ഷത്തോളം തട്ടിയ അഞ്ചുപേരാണ് ഡൽഹിയിൽ അറസ്റ്റിലായത്.
നേരത്തെ ചോർത്തിയ താരങ്ങളുടെ വ്യക്തിവിവരങ്ങൾ ഉപയോഗിച്ച് ക്രെഡിറ്റ് കാർഡ് സ്വന്തമാക്കിയാണ് സംഘത്തിന്റെ വമ്പൻ തട്ടിപ്പ്. പൂനെ ആസ്ഥാനമായുള്ള ഫിൻടെക് സ്റ്റാർട്ട്അപ്പായ 'വൺകാർഡി'ൽനിന്നാണ് താരങ്ങളാണെന്ന വ്യാജേനെ ഇവർ ക്രെഡിറ്റ് കാർഡുകൾ സ്വന്തമാക്കിയത്. തട്ടിപ്പിനു പിന്നിൽ പ്രവർത്തിച്ച പുനീത്, മുഹമ്മദ് ആസിഫ്, സുനിൽ കുമാർ, പങ്കജ് മിശ്ര, വിശ്വ ഭാസ്‌കർ ശർമ എന്നിവരാണ് ഡൽഹി ഈസ്റ്റേൺ റേഞ്ച് പൊലീസിന്റെ പിടിയിലായത്.
മാധുരി ദീക്ഷിത്, ഇമ്രാൻ ഹാഷ്മി, സെയ്ഫ് അലി ഖാൻ, സച്ചിൻ ടെണ്ടുൽക്കർ, ആലിയ ഭട്ട്, സോനം കപൂർ, ഹൃത്വിക് റോഷൻ എന്നിവരുടെ പേരിലെല്ലാം സംഘം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ജോയിന്റ് പൊലീസ് കമ്മിഷണർ ഛയ്യ ശർമ അറിയിച്ചു. ഇവരുടെ സർക്കാർ തിരിച്ചറിയൽ കാർഡുകൾ വരെ സംഘം വ്യാജമായുണ്ടാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
വലിയ സാങ്കേതികവിദ്യാ പരിജ്ഞാനമുള്ളവരാണ് അറസ്റ്റിലായവരെല്ലാമെന്ന് പൊലീസ് പറഞ്ഞു. താരങ്ങളുടെ ജി.എസ്.ടി വിവരങ്ങൾ ഗൂഗിളിൽനിന്നാണ് സംഘടിപ്പിക്കുന്നതെന്നാണ് ചോദ്യംചെയ്യലിൽ സംഘം വെളിപ്പെടുത്തിയത്. ജി.എസ്.ടി ഐ.ഡി നമ്പറിലെ ആദ്യ രണ്ട് അക്കങ്ങൾ സംസ്ഥാനത്തിന്റെ കോഡാകും. ബാക്കി പത്തക്കം പാൻ നമ്പറുമാകും. താരങ്ങളുടെ ജനനതിയതിയും ഗൂഗിളിൽ ലഭ്യമാണ്. അങ്ങനെ ജനന തിയതിയും പാൻ കാർഡ് വിവരങ്ങളും സംഘടിപ്പിച്ചാണ് ക്രെഡിറ്റ് കാർഡ് തട്ടിപ്പെന്ന് പൊലീസ് വെളിപ്പെടുത്തി.
സ്വന്തം ചിത്രങ്ങൾ വച്ച് ഓരോ താരങ്ങളുടെ പേരിലും ഇവർ പാൻ കാർഡും വ്യാജമായി നിർമിച്ചിട്ടുണ്ട്. പാൻ കാർഡ്/ആധാർ കാർഡ് വെരിഫിക്കേഷനിൽ പിടിക്കപ്പെടാതിരിക്കാനാണ് ഇങ്ങനെയൊരു തട്ടിപ്പ് നടത്തുന്നതെന്നും പൊലീസ് പറയുന്നു.
Summary: Five criminals have been arrested in Delhi for using PAN Card details of 95 prominent Indian celebrities, including Abhishek Bachchan, MS Dhoni and Shilpa Shetty for credit card fraud