രാജ്യസഭ തെരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾ; അട്ടിമറി ഭീഷണിയിൽ മുന്നണികൾ

ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഒഴിവുള്ള രാജ്യസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്

Update: 2024-02-27 13:56 GMT
Advertising

ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾ. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഒഴിവുള്ള 15 രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ച് വോട്ടെണ്ണൽ പുരോഗമിക്കുമ്പോഴാണ് അടിയൊഴുക്കുകളെ പറ്റിയുള്ള വാർത്തകൾ പുറത്തുവരുന്നത്. ഉത്തർ പ്രദേശിലെയും ഹിമാചൽ പ്രദേശിലെയും വോട്ടെണ്ണലിനെ ചൊല്ലി വലിയ തർക്കം നടക്കുകയാണ്.

ഹിമാചൽ പ്രദേശിൽ​ കോൺഗ്രസ് എം.എൽ.എമാർ കൂറ് മാറി വോട്ട് ചെയ്തുവെന്നാണ് വിവരം. ഒരു രാജ്യസഭാ സീറ്റിലേക്കായിരുന്ന് തിരഞ്ഞെടുപ്പ് നടന്നത്. 68 അംഗ സംസ്ഥാന നിയമസഭയില്‍ നിന്ന് 35 എംഎല്‍എമാരുടെ പിന്തുണ ലഭിച്ചാൽ രാജ്യസഭ സ്ഥാനാർഥിക്ക് ജയിക്കാം. മൂന്ന് സ്വതന്ത്രരുടേതടക്കം 43 എം.എൽ.എ മാരുടെ പിന്തുണയാണ് കോൺ​ഗ്രസിനുള്ളത്. ബിജെപിക്കുള്ളതാകട്ടെ 25 എം.എല്‍എമാരാണ്. എന്നാൽ കോൺഗ്രസ് എം.എൽ.എമാർ ക്രോസ് വോട്ട് ചെയ്തതായാണ് വിവരം.

കോൺഗ്രസ് മുതിർന്ന നേതാവ് അഭിഷേക് മനു സിംഗ്‍വിയാണ് മത്സരത്തിനിറക്കിയിരിക്കുന്നത്. ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്നത് മുൻ കോൺഗ്രസ് മന്ത്രി കൂടിയായ ഹര്‍ഷ് മഹാജനാണ്. ​കോൺഗ്രസ് ​എം.എൽ.എ മാർ ഹർഷ് മഹാജന് അനുകൂലമായി വോട്ട് ചെയ്തതയാണ് വിവരം.

അഭ്യൂഹങ്ങൾ ശരിയാണെങ്കിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഹിമാചൽ പ്രദേശ് സർക്കാരിന്റെ നില വഷളാകും. എന്നാൽ , അഭ്യൂഹങ്ങൾ നിഷേധിച്ച കോൺഗ്രസ് ഇത് വെറും പ്രചരണമാണെന്ന് വിശേഷിപ്പിച്ചു. ആരും ക്രോസ് വോട്ട് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി.

യു.പിയിൽ എസ്.പി സ്ഥാനാർഥിക്ക് ലഭിച്ച​ വോട്ടിനെ ചൊല്ലി തർക്കമുയർന്നതോടെ വോട്ടെണ്ണൽ നിർത്തിവെച്ചു. യുപിയിൽ 10 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഇതിൽ ബിജെപിക്ക് ഏഴെണ്ണം എതിരില്ലാതെയും സമാജ്‌വാദി പാർട്ടിക്ക് മൂന്നെണ്ണവും വിജയിക്കാനാവും. അതിലാണ് എസ്.പിയുടെ വോട്ടിൽ തർക്കമുയർന്നിരിക്കുന്നത്.

കർണാടകയിൽ നാല് രാജ്യസഭാ സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. അഞ്ചു മത്സരാർത്ഥികൾ രംഗത്തുണ്ട്. കർണാടകയിൽ മൂന്നു സീറ്റിൽ കോൺഗ്രസിനും ഒരു സീറ്റിൽ ബിജെപിക്കും ജയിക്കാനാവും. ബി.ജെ.പി എം.എൽ.എ എസ്.ടി. സോമശേഖർ കോൺഗ്രസിന് വോട്ടുചെയ്തുവെന്ന് റിപ്പോർട്ട്. ‘എനിക്ക് വാഗ്ദാനങ്ങൾ തന്നവർക്കാണ് ഞാൻ വോട്ടുചെയ്തത്. എനിക്ക് ഉറപ്പുതന്നവർക്കാണ് എന്റെ വോട്ട് പോയത്’ എന്നായിരുന്നു രാജ്യസഭ തെരഞ്ഞെടുപ്പിലെ വോട്ടിങ്ങിനുശേഷം സോമശേഖർ പറഞ്ഞു. ബി.ജെ.പി സ്ഥാനാർഥിക്കാണോ വോട്ട് ചെയ്തത്? എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. കോൺഗ്രസ് സ്ഥാനാർഥി ജി.സി. ചന്ദ്രശേഖറിനാണ് സേമശേഖർ വോട്ടുചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News