ഗുജറാത്തില്‍ കനത്ത നാശം വിതച്ച് ബിപോർജോയ്: രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്, ആയിരത്തോളം ഗ്രാമങ്ങളിൽ വൈദ്യുതി നിലച്ചു
നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നു
ഗാന്ധിനഗര്‍: ഗുജറാത്ത് തീരത്ത് കനത്ത നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്. രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. 942 ഗ്രാമങ്ങളിൽ വൈദ്യുതി നിലച്ചിരിക്കുകയാണ്. നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നു. വളര്‍ത്തുമൃഗങ്ങള്‍ ചത്തു. മരങ്ങള്‍ കടപുഴകി. ഗുജറാത്തിൽ റെഡ് അലർട്ട് തുടരുകയാണ്.
വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ആടുകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും മകനുമാണ് മരിച്ചത്. ഇന്നലെ രാത്രിയോടെ കരതൊട്ട ചുഴലിക്കാറ്റിൽ ദ്വാരക, കച്ച്, സൗരാഷ്ട്ര മേഖലകളിൽ വ്യാപക നാശനഷ്ടമുണ്ടായി. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശിയടിച്ചത്.
ഒന്നേകാൽ ലക്ഷത്തോളം ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചത്. ശക്തമായ മഴയാണ് ഗുജറാത്തിന്‍റെ തീര പ്രദേശങ്ങളിലും സമീപ ഗ്രാമങ്ങളിലും ലഭിക്കുന്നത്. 9 ജില്ലകളിലെ നൂറോളം ഗ്രാമങ്ങളില്‍ ചുഴലിക്കാറ്റ് നാശം വിതച്ചു. ചുഴലിക്കാറ്റ് കരതൊട്ടപ്പോഴുണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച് ഗുജറാത്ത് സർക്കാർ ഇന്ന് കണക്കെടുപ്പ് ആരംഭിക്കും.
കാറ്റ് രാജസ്ഥാനിലേക്ക് നീങ്ങുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജസ്ഥാനില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ക്രമേണ ചുഴലിക്കാറ്റ് ദുര്‍ബലമാവുകയും ഇന്ന് വൈകുന്നേരത്തോടെ ന്യൂനമര്‍ദം രൂപപ്പെടുകയും ചെയ്യും.
Summary- Cyclone Biparjoy Weakens To Severe After Landfall, Widespread Devastation In Gujarat