ബിപോർജോയ് ചുഴലിക്കാറ്റ് നാളെ കരതൊട്ടേക്കും; മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തില്‍ കാറ്റടിക്കും
ഗുജറാത്തിൽ നിന്ന് ഇരുപതിനായിരം പേരെ മാറ്റിപ്പാർപ്പിച്ചു
ന്യൂഡല്‍ഹി: ബിപോർജോയ് ചുഴലിക്കാറ്റ് വ്യാഴാഴ്ച കരതൊട്ടേക്കും. ഗുജറാത്തിലെ സൗരാഷ്‌ട്ര-കച്ച് മേഖല വഴി ജാഖു തുറമുഖത്തിന് സമീപം കരതൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. ഗുജറാത്തിൽ നിന്ന് ഇരുപതിനായിരം പേരെ മാറ്റിപ്പാർപ്പിച്ചു. ബിപോർജോയ് ചുഴലിക്കാറ്റ് പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് രാജ്യം. മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിലാകും കാറ്റ് വീശുക. ഇതോടെയാണ് ഗുജറാത്തിൽ നിന്ന് കൂടുതൽ പേരെ ഒഴിപ്പിച്ചു തുടങ്ങിയത്.
കച്ചിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിച്ചത്. 6786 പേരേ ഇവിടെ നിന്നും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ദ്വാരകയിൽ 4820 പേരെയും രാജ്കോട്ടിൽ നിന്ന് 4031 പേരേയും മോർബിയിൽ നിന്ന് 2000 പേരെയും ജാംനഗറിൽ നിന്ന് 1500 പേരെയും മാറ്റി. അപകടം പൂർണ്ണമായും ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും ചുഴലിക്കാറ്റിനെ നേരിടാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു.
ദുരന്തനിവാരണത്തിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി ഗുജറാത്ത് മുഖ്യമന്ത്രി മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി നാവികസേനയും കോസ്‌റ്റ്‌ഗാർഡും കപ്പലുകളും ഹെലികോപ്‌ടറുകളും അയച്ചിട്ടുണ്ട്. അവശ്യസേവനങ്ങൾ മുടങ്ങാതിരിക്കാൻ നടപടി സ്വീകരിച്ചു. വിവിധ ഇടങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നു. ഗുജറാത്ത്, തമിഴ്‌നാട്, പഞ്ചാബ്, ഒഡീഷ എന്നിവിടങ്ങളിലേയ്‌ക്ക് എൻഡിആർഎഫ് സംഘങ്ങളെയും നിയോഗിച്ചു. കേരളത്തിൽ നിന്നുള്ള തിരുന്നൽവേലി - ജാംനഗർ എക്സ്പ്രെസ് ഉൾപ്പെടെ ഗുജറാത്തിൽ 69 ട്രെയിനുകൾ റദ്ദാക്കി.