മിസ്ത്രിയുടെ മരണം: ബെൻസ് കാറിന്റെ ചിപ്പ് പരിശോധനക്കായി ജർമനിയിലേക്കയക്കും
അഹമ്മദാബാദിൽനിന്ന് മുംബൈയിലേക്ക് വരുന്ന വഴി ഞായറാഴ്ച ഉച്ചക്ക് ശേഷം പാൽഘർ ജില്ലയിലെ ചറോട്ടി നാകയിൽവെച്ചായിരുന്നു അപകടമുണ്ടായത്.
ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ അപകടമരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ മെഴ്‌സിഡസ് ബെൻസ് ജിഎൽസി വാഹനത്തിന്റെ ചിപ്പ് ജർമനിയിലേക്ക് അയക്കും. അന്വേഷണത്തിനാവശ്യമായ വിവരങ്ങൾ ഇതിൽനിന്ന് ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.
''വാഹനത്തിലെ എല്ലാ വിവരങ്ങളും ചിപ്പിൽ റെക്കോർഡ് ചെയ്യും. ഇതിൽനിന്ന് വിവരങ്ങളെടുക്കാൻ വേണ്ടി ജർമനിയിലേക്ക് അയക്കും. ഈ ആഴ്ചക്കുള്ളിൽ തന്നെ വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്''-പാൽഘർ എസ്.പി ബാലാസാഹെബ് പാട്ടീൽ പറഞ്ഞു.
പാലത്തിന്റെ തെറ്റായ രീതിയിലുള്ള നിർമാണമാണ് കാറപകടത്തിന് കാരണമായതെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്. ഏഴംഗ ഫോറൻസിക് സംഘമാണ് മിസ്ത്രിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നത്. അപകടത്തിൽ മരിച്ച രണ്ടുപേരും സീറ്റ്‌ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു.
അഹമ്മദാബാദിൽനിന്ന് മുംബൈയിലേക്ക് വരുന്ന വഴി ഞായറാഴ്ച ഉച്ചക്ക് ശേഷം പാൽഘർ ജില്ലയിലെ ചറോട്ടി നാകയിൽവെച്ചായിരുന്നു അപകടമുണ്ടായത്. സൈറസ് മിസ്ത്രിയും കുടുംബ സുഹൃത്തുക്കളായ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ. അനഹിത പൻഡോൾ, ഇവരുടെ ഭർത്താവും ജെ.എം ഫിനാൻഷ്യൽ പ്രൈവറ്റ് ഇക്വിറ്റി മാനേജിങ് ഡയറക്ടറുമായ ഡാരിയസ് പൻഡോൾ, ജഹാംഗീർ ബിൻഷാ പൻഡോൾ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. ഇതിൽ സൈറസ് മിസ്ത്രിയും ജഹാംഗീർ ബിൻഷാ പൻഡോളും അപകടസ്ഥലത്തു തന്നെ മരിച്ചു.