സെപ്റ്റിക് ടാങ്ക് ശുചിയാക്കാൻ ദലിത് വിദ്യാർഥികൾ: പ്രിൻസിപ്പളും അധ്യാപകനും അറസ്റ്റിൽ
സംഭവത്തിൽ നാല് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു
ബംഗളുരു: ദലിത് വിദ്യാർഥികളെ ഉപയോഗിച്ച് സെപ്റ്റിക് ടാങ്ക് ശുചീകരിച്ച പ്രിൻസിപ്പളും അധ്യാപകനും അറസ്റ്റിൽ. കർണാടക കോലാറിലെ മൊറാർജി ദേശായി റെസിഡൻഷ്യൽ സ്കൂളിലെ ദലിത് വിദ്യാർഥികൾക്കാണ് അധ്യാപകരിൽ നിന്ന് അപമാനകരമായ നടപടികൾ നേരിടേണ്ടി വന്നത്.
ആറ് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലായി 19 പെൺകുട്ടികളുൾപ്പടെ 243 വിദ്യാർഥികളാണ് ഈ റെസിഡൻഷ്യൽ സ്കൂളിൽ പഠിക്കുന്നത്. ഇതിൽ ദലിത് വിഭാഗത്തിൽപെടുന്ന ആറോളം വിദ്യാർഥികളെ ഉപയോഗിച്ചാണ് അധ്യാപകർ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയത്. ശിക്ഷാ നടപടികളുടെ ഭാഗമായാണത്രെ കുട്ടികളെ സെപ്റ്റിക് ടാങ്ക് ശുചീകരിക്കാൻ നിർബന്ധിച്ചത്.
കുട്ടികൾ യാതൊരു സുരക്ഷാമാർഗങ്ങളും ഉപയോഗിക്കാതെ കൈകൾ കൊണ്ട് മാലിന്യങ്ങൾ നീക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മറ്റൊരു അധ്യാപകയാണ് ഈ ദൃശ്യങ്ങൾ പകർത്തിയതാണെന്നാണ് വിവരം. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് തോട്ടിപ്പണി നിരോധിച്ച രാജ്യത്ത് ദലിത് വിദ്യാർഥികൾ അപമാനിക്കപ്പെട്ടതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ടതിന് പിന്നാലെയാണ് പ്രിൻസിപ്പൽ ഭരതമ്മ, അധ്യാപകൻ മുനിയപ്പ എന്നിവരെ അറസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധമുള്ള നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. ഒളിവിലുള്ള ഇവരെ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി. അധ്യാപകരിൽ നിന്ന് പലപ്പോഴും ക്രൂരമായ പീഡനമാണ് നേരിടേണ്ടി വരുന്നതെന്ന് വിദ്യാർഥികൾ വെളിപ്പെടുത്തുന്ന മറ്റൊരു വിഡിയോയും പുറത്ത് വന്നിട്ടുണ്ട്.