പ്രധാനമന്ത്രിക്ക് പുതിയ ഓഫീസും വീടും വേണം; 7000 പ്രതിരോധ ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് കേന്ദ്രം
സൗത്ത് ബ്ലോക്കിന് സമീപം ഒഴിച്ചിട്ട 50 ഏക്കറിലധികം വരുന്ന സ്ഥലത്ത് കേന്ദ്ര വിസ്ത പദ്ധതിയുടെ 'എക്സിക്യൂട്ടീവ് എൻക്ലേവ്' വികസിപ്പിക്കുന്നതിന് ഉപയോഗിക്കും
ഡൽഹിയിലെ ഡൽഹൗസി റോഡിന് ചുറ്റുമുള്ള പ്രതിരോധ മന്ത്രാലയത്തിന്‍റെ 700 ഓഫീസുകള്‍ ഒഴിപ്പിച്ച് കേന്ദ്രം. സെന്‍ട്രല്‍ വിസ്റ്റ പുനർവികസന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന പ്രധാനമന്ത്രിയുടെ പുതിയ വസതിക്കും ഓഫീസിനുമായാണ് സ്ഥലം ഒഴിപ്പിക്കുന്നത്.
700 ഓഫീസുകളിലായി ജോലി ചെയ്തിരുന്ന ഏഴായിരത്തോളം പേരുടെ പുതിയ ഓഫീസ് സെന്‍ട്രല്‍ ഡല്‍ഹിയിലെ കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലേക്കും ചാണക്യപുരിക്കടുത്തുള്ള ആഫ്രിക്ക അവന്യുവിലേക്കും മാറ്റി. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇരു കോംപ്ലക്സുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കും.
സൗത്ത് ബ്ലോക്കിന് സമീപം ഒഴിച്ചിട്ട 50 ഏക്കറിലധികം വരുന്ന സ്ഥലത്ത് കേന്ദ്ര വിസ്ത പദ്ധതിയുടെ 'എക്സിക്യൂട്ടീവ് എൻക്ലേവ്' വികസിപ്പിക്കുന്നതിന് ഉപയോഗിക്കും. പുതിയ എക്സിക്യൂട്ടീവ് എൻക്ലേവിൽ, പ്രധാനമന്ത്രിയുടെ വസതിക്ക് പുറമേ ക്യാബിനറ്റ് സെക്രട്ടേറിയറ്റിന്‍റെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുടെയും ഓഫീസുകൾ ഉണ്ടാകും.
ആധുനിക സൗകര്യങ്ങൾ, കണക്റ്റിവിറ്റി, കാന്‍റീനുകൾ, ബാങ്കുകൾ മുതലായ ക്ഷേമ സൗകര്യങ്ങളും പുതിയ കെട്ടിടങ്ങളിലുണ്ടാകും. മുമ്പ് സ്ഥലത്തുണ്ടായിരുന്ന മരങ്ങളെ ബാധിക്കാത്ത രീതിയിലാണ് പുതിയ കെട്ടിടങ്ങള്‍ പണികഴിപ്പിച്ചിരിക്കുന്നത്.