വാഹനങ്ങൾ സഞ്ചരിക്കുന്നതിനിടെ പാലം തകർന്നു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക് - വിഡിയോ
ഉത്തരാഖണ്ഡിൽ ദിവസങ്ങളായി തുടരുന്ന മഴയിൽ വ്യാപക നാശനഷ്ടങ്ങൾ
ഉത്തരാഖണ്ഡിൽ ദിവസങ്ങളായി തുടരുന്ന മഴയിൽ വ്യാപക നാശനഷ്ടം. ഡെറാഡൂൺ - ഋഷികേശ് ഹൈവേയിലെ റാണിപോഖരിയിൽ ജഖാൻ നദിക്ക് കുറുകെയുള്ള പാലം മഴവെള്ളപ്പാച്ചിലിൽ തർന്നു. നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്നതിനിടെയാണ് പാലം തകർന്നത്. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചത്.
നിരവധി വാഹനങ്ങൾ പാലത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതും ആളുകൾ ഓടിപ്പോകുന്നതും സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ കാണാം. രണ്ട് കാറുകൾ ഒലിച്ച് പോയതായും റിപ്പോർട്ടുണ്ട്. അതേസമയം, ആർക്കും കാര്യമായ പരിക്കുകൾ സംഭവിച്ചിട്ടില്ല. ഇതുവഴി ഗതാഗതം പൂർണമായും തടസപ്പെട്ടു.
സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ റെസ്ക്യൂ, ഡീപ് ഡൈവിംഗ് ടീമുകൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തങ്ങൾ നടത്തിയത്. മറ്റൊരു സംഭവത്തിൽ, മാൽദേവത-സഹസ്രധാര ലിങ്ക് റോഡിന്‍റെ ചില ഭാഗങ്ങൾ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. തപോവൻ മുതൽ മലേത്ത വരെയുള്ള ദേശീയപാത 58 കനത്ത മഴയെ തുടർന്ന് അടച്ചതായി തെഹ്രി-ഗർവാൾ ജില്ല അധികൃതർ പറഞ്ഞു.
ഋഷികേശ്-ദേവ്പ്രയാഗ്, ഋഷികേശ്-തെഹ്രി, ഡെറാഡൂൺ-മസൂറി റോഡുകളും കഴിഞ്ഞ 3-4 ദിവസമായി പെയ്യുന്ന മഴയെ തുടർന്ന് അടച്ചു. പലയിടങ്ങളിലും മണ്ണിടിച്ചിൽ സംഭവിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ മാറുന്നതുവരെ പ്രദേശത്തേക്ക് യാത്ര ചെയ്യാൻ പാടില്ലെന്നും നിർദേശമുണ്ട്.