അസമിലെ ഖനി അപകടം: ഒരു മൃതദേഹം കണ്ടെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

300 അടിയോളം താഴ്ചയിലാണ് ഖനി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്

Update: 2025-01-08 09:30 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

​ഗുഹാവത്തി: അസമിലെ കൽക്കരി ഖനിയിൽ കുടുങ്ങിയ ഒമ്പത് ഖനിത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. ഇന്ത്യൻ കരസേനയുടെ ഡൈവിങ് ടീമാണ് മൃതദേഹം കണ്ടെടുത്തത്. ഇന്നലെ വൈകിട്ട് താൽക്കാലികമായി നിർത്തിവെച്ച രക്ഷാപ്രവർത്തനം ഇന്ന് രാവിലെ പുനരാരംഭിച്ചു. ഇന്ത്യൻ ആർമി, അസം റൈഫിൾസ്, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന തുടങ്ങിയ ഏജൻസികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമ്രംഗ്ഷുവിലെ കൽക്കരി ഖനിയിലാണ് തിങ്കളാഴ്ച തൊഴിലാളികൾ അകപ്പെട്ടത്. മേഖലയില്‍ അപ്രതീക്ഷിതമായി വെള്ളം കയറിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. ഖനിയിൽ ഒൻപത് പേരാണ് കുടുങ്ങിയത് എന്നാണ് നിഗമനം. കുടുങ്ങിക്കിടക്കുന്ന മറ്റ് തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. 300 അടിയോളം താഴ്ചയിലാണ് ഖനി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്. മൂന്ന് തൊഴിലാളികളുടെ മൃതദേഹം ലഭിച്ചു എന്ന വാർത്ത അധികൃതർ തള്ളി. 48 മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത്.

കുടുങ്ങിക്കിടക്കുന്ന ഖനിത്തൊഴിലാളികളെ എത്രയും വേഗം പുറത്തെത്തിക്കുമെന്ന് ദേശീയ ദുരന്ത നിവാരണ സേന ഡെപ്യൂട്ടി കമാൻഡൻ്റ് എൻ. തിവാരി പറഞ്ഞു. ഖനി നിയമവിരുദ്ധമായി പ്രവർത്തിച്ചതിനും ഇന്ത്യയിൽ നിരോധിച്ച ഖനനരീതി പിന്തുടർന്നതിനും ഒരാളെ അറസ്റ്റ് ചെയ്തതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ഖനിയുടമക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News