തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ ഭാര്യക്ക് നേരെ ഭര്‍ത്താവ് വെടിയുതിര്‍ത്തു

പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മൊഹിത്ത് തനിക്കെതിരെ വെടിയുതിര്‍ത്തെന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും മോണിക്ക പൊലീസിനോട് പറഞ്ഞു. മൊഹിത്ത് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

Update: 2021-08-19 05:15 GMT
Advertising

തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ ഭാര്യക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍. ഡല്‍ഹിയിലെ മംഗള്‍പുരിയിലാണ് സംഭവം. 27 കാരനായ മൊഹിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൊഹിത്തിന്റെ ഭാര്യ മോണിക്ക് ഇയാള്‍ക്കെതിരെ പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇത് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ഭാര്യക്ക് നേരെ വെടിയുതിര്‍ത്തത്.

ഒരു വര്‍ഷം മുമ്പാണ് മൊഹിത്തും മോണിക്കും വിവാഹിതരായത്. ബുധനാഴ്ച രാവിലെ ഒമ്പത് മണിക്കാണ് ഭര്‍ത്താവ് വഴക്കിടുന്നുവെന്ന് മോണിക്ക പൊലീസിനെ ഫോണ്‍ ചെയ്ത് അറിയിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെ രാജ് പാര്‍ക്ക് പൊലീസ് സ്റ്റേഷനിലെത്തി മൊഹിത്തിനെതിരെ പരാതിയും നല്‍കി.

മൊഹിത്തിനെ പൊലീസ് ഫോണ്‍ വിളിച്ചപ്പോള്‍ താന്‍ ഇപ്പോള്‍ കൊണാട്ട് പ്ലേസിലാണെന്നും വൈകീട്ട് എത്തിക്കോളാമെന്ന് അറിയിക്കുകയുമായിരുന്നു. വൈകീട്ട് 4 മണിയോടെ മോണിക്ക പൊലീസില്‍ വിളിച്ച് ഭര്‍ത്താവ് താന്‍ ഉള്ള സ്ഥലത്ത് എത്തിയെന്ന് അറിയിച്ചു. പൊലീസ് എത്തിയപ്പോള്‍ മൊഹിത്ത് തോക്കുമായി നില്‍ക്കുകയായിരുന്നു. അയല്‍വാസികളുടെ സഹായത്തോടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.

പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മൊഹിത്ത് തനിക്കെതിരെ വെടിയുതിര്‍ത്തെന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും മോണിക്ക പൊലീസിനോട് പറഞ്ഞു. മൊഹിത്ത് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തോക്കിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പര്‍വീന്ദര്‍ സിങ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News