കഞ്ചാവ് വാങ്ങാൻ 100 രൂപ നൽകിയില്ല; യുവാവിനെ കുത്തിക്കൊന്നയാൾ അറസ്റ്റിൽ
രണ്ടുമണിക്കൂറോളം കാൽനടയായി പിന്തുടർന്നാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ്
ഡൽഹി: കഞ്ചാവ് വാങ്ങാൻ 100 രൂപ നൽകാൻ വിസമ്മതിച്ചയാളെ കുത്തിക്കൊലപ്പെടുത്തിയ 36 കാരൻ അറസ്റ്റിൽ. പടിഞ്ഞാറൻ ഡൽഹിയിലെ ഷാദിപൂർ റെയിൽവെ പാലത്തിന് സമീപത്താണ് സംഭവം. മോത്തി നഗർ സ്വദേശിയായ ലാൽ ബാബുവാണ് അറസ്റ്റിലായത്. നസീം ആലം എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച ഡൽഹിയിലെ ഷാദിപൂർ ഫ്ളൈഓവർ റെയിൽവേ ട്രാക്കിന് ഒരാൾക്ക് കുത്തേറ്റതായി പൊലീസിന് വിവരം ലഭിച്ചത്. ഉടൻ തന്നെ നസീം ആലമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ സിസിടിവി പരിശോധിച്ച് പ്രതിയായ ബാബുവിനെ തിരിച്ചറിയുന്നത്. രണ്ടുമണിക്കൂറോളം കാൽനടയായി പിന്തുടർന്നാണ് പ്രതിയെ പിടികൂടിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സെൻട്രൽ) ശ്വേത ചൗഹാൻ പറഞ്ഞു.
താനും സുഹൃത്ത് ഭോമയും മേൽപ്പാലത്തിനടിയിൽ മയക്കുമരുന്ന് കഴിച്ചതായി പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഈ സമയത്ത് അലാം മറ്റൊരു സുഹൃത്തിനൊപ്പം അവിടെ കഞ്ചാവ് വാങ്ങാനെത്തി. കഞ്ചാവ് വാങ്ങാനായി ലാൽ നസീമിനോട് നൂറ് രൂപ ആവശ്യപ്പെട്ടു. എന്നാൽ ഇത് നൽകാൻ തയ്യാറാവാത്തതിനെ തുടർന്ന് ഇവർ തമ്മിൽ വഴക്കായി. തുടർന്ന് ലാൽ ബാബു ആലമിനെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ലാൽ ബാബുവിന്റെ സുഹൃത്ത് ഭോമ ഒളിവിലാണ്.