സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത നഗരം ഡല്‍ഹി; രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഈ മഹാനഗരങ്ങള്‍
കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 13,892 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്
ഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത നഗരം ഡല്‍ഹിയെന്ന് കണക്കുകള്‍. മെട്രോപൊളിറ്റൻ നഗരമായ ദേശീയ തലസ്ഥാനത്ത് കഴിഞ്ഞ വർഷം ഓരോ ദിവസവും പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ വീതം ബലാത്സംഗത്തിനിരയായതായി ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 13,892 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2020ല്‍ 9,782 ആയിരുന്നു കേസുകളുടെ എണ്ണം. ഒരു വര്‍ഷത്തിനുള്ളില്‍ 40 ശതമാനത്തിലധികം വര്‍ധനവാണ് രേഖപ്പെടുത്തിയത്. എൻ.സി.ആർ.ബി കണക്കുകൾ പ്രകാരം 19 മെട്രോപൊളിറ്റൻ നഗരങ്ങളിലെ മൊത്തം കുറ്റകൃത്യങ്ങളുടെ 32.20 ശതമാനവും ഡൽഹിയിലെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളാണ്.
5,543 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മുംബൈയാണ് രണ്ടാമത്. 3,127 കേസുകളുമായ ബെംഗളൂരു തൊട്ടുപിന്നാലെയാണ്. 19 നഗരങ്ങളിലായി നടന്ന മൊത്തം കുറ്റകൃത്യങ്ങളിൽ യഥാക്രമം 12.76 ശതമാനവും 7.2 ശതമാനവും മുംബൈയിലും ബെംഗളൂരുവിലുമാണ്. തട്ടിക്കൊണ്ടുപോകൽ (3948), ഭർത്താക്കന്മാരിൽ നിന്നുള്ള ക്രൂരത (4674), പീഡനം (833) എന്നീ വിഭാഗങ്ങളിൽ സ്ത്രീകൾക്കെതിരായ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ ദേശീയ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.2021ൽ ഡൽഹിയിൽ പ്രതിദിനം ശരാശരി രണ്ടിലധികം പെൺകുട്ടികൾ ബലാത്സംഗത്തിനിരയായതായി കണക്കുകൾ വ്യക്തമാക്കുന്നു. 2021 ൽ ഡല്‍ഹിയില്‍ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ 13,982 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 19 മെട്രോപൊളിറ്റൻ നഗരങ്ങളിലെ മൊത്തം കുറ്റകൃത്യങ്ങൾ 43,414 ആണെന്ന് റിപ്പോർട്ട് പറയുന്നു. സ്ത്രീധന മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം 136 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.