ഉത്സവ സീസണുകൾ ലക്ഷ്യംവെച്ച് ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ആറ് ഭീകരരെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ്
ഡൽഹിയിലും മുംബൈയിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ട് ആറ് ഭീകരവാദികളെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ്. ഇവരിൽ നിന്ന് സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തു. വിവിധ സംസ്ഥാനങ്ങളിൽ ഇവർ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്നും ഡൽഹി പൊലീസ് അറിയിച്ചു.
സീഷൻ ഖമർ, ഒസാമ, ജൻ മുഹമ്മദ് അലി ഷെയ്ഖ്, മുഹമ്മദ് അബൂബകർ, മൂൽചന്ദ്, മുഹമ്മദ് ആമിർ ജാവേദ് എന്നിവരാണ് പോലീസ് പിടിയിലായത്. ഒരാളെ രാജസ്ഥാനിലെ കോട്ടയിൽ നിന്നും രണ്ടു പേരെ ഡൽഹിയിൽ നിന്നും മൂന്ന് പേരെ ഉത്തർപ്രദേശിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ആർ ഡി എക്സ് അടക്കമുള്ള സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തു. സീഷൻ ഖമറിനും ഒസാമക്കും പാകിസ്താനില്‍ നിന്ന് ഭീകര പ്രവർത്തനത്തിന് പരിശീലനം ലഭിച്ചതായി ഡൽഹി പോലീസ് വ്യക്തമാക്കി. പിടിയിലായവർ
രണ്ട് സംഘങ്ങളായാണ് പ്രവർത്തിച്ചിരുന്നത്. ഒരു സംഘത്ത നയിച്ചിരുന്നത് ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരൻ അനീസ് ഇബ്രാഹിം ആയിരുന്നു. ആയുധങ്ങളെത്തിക്കുക എന്നതായിരുന്നു ഇവരുടെ ജോലി. രണ്ടാമത്തെ സംഘത്തിൻറെ ജോലി ഹവാല വഴി ഭീകര പ്രവർത്തനത്തിന് ഫണ്ട് കണ്ടെത്തുക എന്നതായിരുന്നുവെന്ന് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ വ്യക്തമാക്കി. പിടിയിലായ ഭീകരർക്ക് ഉത്സവ സീസണുകൾ കണക്കാക്കി ഡൽഹിയിലും മുംബൈയിലും ഭീകരക്രമണം നടത്താനായിരുന്നു പദ്ധതിയെന്ന് പോലീസ് പറഞ്ഞു.