ദമ്പതികളെ തടഞ്ഞു നിർത്തി കവർച്ചാസംഘം; നിമിഷങ്ങൾക്കകം പണം അങ്ങോട്ട് നൽകി മടങ്ങി

പ്രദേശത്തെ 200-ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു മോഷ്ടാക്കൾ പിടിയിലായത്. ഇവരിൽ നിന്ന് 30 മൊബൈൽ ഫോണുകൾ കണ്ടെടുത്തു.

Update: 2023-06-26 13:54 GMT
Editor : anjala | By : Web Desk
Advertising

‍‍ദില്ലി: റോഡിലൂടെ നടന്നുപോവുകയായിരുന്ന ദമ്പതികളെ തടഞ്ഞു നിർത്തി കവർച്ചാസംഘം. ബൈക്കിലെത്തിയ രണ്ടുപേരാണ് ദമ്പതികളെ തടഞ്ഞത്. കിഴക്കൻ ദില്ലിയിലെ ഷഹ്‌ദാരയിലെ ഫാർഷ് ബസാർ ഏരിയയിലാണ് സംഭവം. നടന്നുപോവുകയായിരുന്ന ദമ്പതികളെ കവർച്ചക്കാർ പരിശോധിച്ചപ്പോൾ 20 രൂപ മാത്രമാണ് കണ്ടെത്താനായത്. മറ്റൊന്നും കണ്ടെത്താതിരുന്നപ്പോൾ മോഷ്ടാക്കൾ ദമ്പതികൾക്ക് 100 രൂപ നൽകി മടങ്ങുകയായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ചെറിയ വീഡിയോ ക്ലിപ്പാണിപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. കവർച്ച നടത്താൻ ബൈക്കിലെത്തിയ രണ്ടുപേർ ദമ്പതികളെ തടയുന്നതും ഒടുവിൽ എന്തോ ഒന്ന് ദമ്പതികൾക്ക് നൽകി അവർ മടങ്ങുന്നതുമാണ് വിഡിയോയിൽ കാണുന്നത്. എന്നാൽ സംഭവത്തിന്റെ സത്യാവസ്ഥ വൈകാതെ പുറത്തുവന്നു.

പുറത്തുവന്ന ദൃശ്യങ്ങൾ പ്രകാരം, ഹെൽമെറ്റ് ധരിച്ച രണ്ട് പുരുഷന്മാർ ബൈക്കിലെത്തുന്നു. നടന്നുപോവുകയായിരുന്ന ദമ്പതികളെ തടഞ്ഞുനിർത്തുകയും പണം ചോദിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ തന്നെ മറ്റൊരാൾ കൂടെയുണ്ടായിരുന്ന പുരുഷനെ പരിശോധിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ഒന്നും കിട്ടാതെ മടങ്ങുന്നതിന് മുമ്പ് ഇവർ എന്തോ ദമ്പതികൾക്ക് കൈമാറുകയും ചെയ്തു. 100 രൂപയാണ് മോഷ്ടാക്കൾ കൈമാറിയതെന്ന് ദമ്പതികൾ തന്നെ പൊലീസിനോട് പറഞ്ഞു.

ഈ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ പൊലീസ് അന്വേഷണം നടത്തി ഇവരെ അറസ്റ്റ് ചെയ്തു. പ്രദേശത്തെ 200-ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു മോഷ്ടാക്കൾ പിടിയിലായത്. ഇവരിൽ നിന്ന് 30 മൊബൈൽ ഫോണുകൾ കണ്ടെടുത്തു. സ്വകാര്യ കമ്പനി ജീവനക്കാരനായ ഹർഷ് രാജ്പുത്, സ്വകാര്യ ജിഎസ്ടി സ്ഥാപനത്തിലെ അക്കൗണ്ടന്റ് ദേവ് വർമ എന്നിവരാണ് പിടിയിലായതെന്ന് റിപ്പോർട്ടുകൾ. ഗുണ്ടാസംഘം നീരജ് ബവാനയുടെ യൂട്യൂബിലെ വീഡിയോകൾ കണ്ട് ഇയാളുടെ സംഘത്തിൽ ചേരാൻ ആഗ്രഹിച്ചായിരുന്നു പ്രവൃത്തിയെന്ന് ഇരുവരും മൊഴി നൽകിയതായും എൻഡിടിവി റിപ്പോർട്ട് ചെയ്തു. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News