ഭര്‍ത്താവുമായി തര്‍ക്കം; 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ച് കൊന്നു
പനി ബാധിച്ച കുഞ്ഞിനെ ഭര്‍ത്താവ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറാകാതിരുന്നതോടെ, കുപിതയായാണ് യുവതി കൃത്യം ചെയ്തതെന്ന് പൊലീസ്.
പതിനൊന്നു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഡല്‍ഹിയില്‍ ഫത്തേര്‍പൂര്‍ ബേരി ഏരിയയിലാണ് സംഭവം. ഭര്‍ത്താവുമായുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.
പനി ബാധിച്ച കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതു സംബന്ധിച്ചാണ് ജൂലൈ ഒമ്പതാം തീയതി ഭാര്യയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കമുണ്ടായത്. ഭര്‍ത്താവ് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറാകാതിരുന്നതോടെ യുവതി കുപിതയാവുകയും കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊല്ലുകയുമായിരുന്നെന്ന് സൗത്ത് ഡല്‍ഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അതുല്‍ താക്കൂര്‍ വ്യക്തമാക്കുന്നു.
കുട്ടിയുടെ മരണത്തില്‍ മാതാപിതാക്കള്‍ പരസ്പരം കുറ്റപ്പെടുത്തിയെങ്കിലും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലയാളി ആരാണെന്ന് തെളിഞ്ഞത്. സി.സി.ടി.വി ദൃശ്യങ്ങള്‍, സാക്ഷിമൊഴികള്‍, ഫോണ്‍ സംഭാഷണങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയായിരുന്നു പ്രതിയെ കണ്ടെത്തിയത്. യുവതി നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.