ലോക്സഭാ സീറ്റില്ല; നൈനിറ്റാള്‍ കോൺഗ്രസ് നേതാവ് ദീപക് ബലൂട്ടിയ പാര്‍ട്ടിവിട്ടു
പ്രകാശ് ജോഷിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബലൂട്ടിയയുടെ രാജി
നൈനിറ്റാള്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് നൈനിറ്റാളിലെ കോണ്‍ഗ്രസ് നേതാവ് ദീപക് ബലൂട്ടിയ പാര്‍ട്ടിവിട്ടു. ഉത്തരാഖണ്ഡിലെ നൈനിറ്റാൾ-ഉദംസിംഗ് നഗർ ലോക്‌സഭാ മണ്ഡലത്തിൽ പ്രകാശ് ജോഷിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബലൂട്ടിയയുടെ രാജി.
''കഴിഞ്ഞ 35 വര്‍ഷമായി കോണ്‍ഗ്രസിന്‍റെ വിശ്വസ്തനായ സേവകനാണ് ഞാന്‍. പൊതുതാൽപര്യമുള്ള വിഷയങ്ങൾ ഏറ്റെടുത്തുകൊണ്ട് പ്രവര്‍ത്തിച്ചു. ഇനി മുതല്‍ സ്വതന്ത്രമായി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. പരീക്ഷക്കായി നന്നായി തയ്യാറെടുത്ത ഒരു വിദ്യാർഥിയെപ്പോലെയാണ് എൻ്റെ അവസ്ഥ. പക്ഷെ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കി. പരീക്ഷ എഴുതിയില്ലെങ്കില്‍ ഒരു വിദ്യാര്‍ഥി എങ്ങനെ മെച്ചപ്പെടും'' ഉത്തരാഖണ്ഡിൻ്റെ ചുമതലയുള്ള കുമാരി സെൽജയ്ക്ക് സമര്‍പ്പിച്ച രാജിക്കത്തില്‍ പറയുന്നു. പാർട്ടി അതിൻ്റെ താഴെത്തട്ടിലുള്ള പ്രവർത്തകരെ പാർശ്വവത്കരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി നാരായൺ ദത്ത് തിവാരിയുടെ അനന്തരവനാണ് ബലൂട്ടിയ.
അതേസമയം പ്രകാശ് ജോഷി നാഷണൽ സ്റ്റുഡൻ്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറിയായും കോൺഗ്രസിൻ്റെ ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡിലെ കോൺഗ്രസിൻ്റെ മാനേജ്‌മെൻ്റ് കമ്മിറ്റി മേധാവിയായിരുന്നു അദ്ദേഹം.ബി.ജെ.പിയുടെ സിറ്റിങ് എം.പി അജയ് ഭട്ടിനെതിരെയാണ് ജോഷി മത്സരിക്കുന്നത്. 2019ൽ കോൺഗ്രസിൻ്റെ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ 3 ലക്ഷത്തിലധികം വോട്ടുകൾക്കാണ് ഭട്ട് പരാജയപ്പെടുത്തിയത്.ഭൂരിപക്ഷം വോട്ടർമാരും സിറ്റിങ് എം.പിയിൽ തൃപ്തരല്ലെന്നും അദ്ദേഹം തങ്ങൾക്ക് ലഭ്യമല്ലാത്തതിനാലും ജോഷി അദ്ദേഹത്തെ പരാജയപ്പെടുത്തുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അവകാശപ്പെട്ടു.
“തിവാരിയെ ഓർത്ത് ബലൂട്ടിയയെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ഇപ്പോഴും മണ്ഡലത്തിലുണ്ട്. പക്ഷേ അവർ ഇപ്പോൾ ആശയക്കുഴപ്പത്തിലാണ്.ജോഷിക്ക് വോട്ട് ചെയ്യാൻ കോൺഗ്രസ് അവരെ എങ്ങനെയാണ് കൊണ്ടുവരുന്നതെന്ന് നോക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ വോട്ട് തേടി ഭട്ട് മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല'' ഒരു കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. 14 നിയമസഭാ മണ്ഡലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 2,472 ബൂത്തുകളിൽ ഓരോന്നിലും ബി.ജെ.പിക്കും കോൺഗ്രസിനും അവരുടെതായ യൂണിറ്റുകളുണ്ടെന്നും അവർ അതാത് പ്രദേശങ്ങളിൽ ഇതിനോടകം തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും വൃത്തങ്ങള്‍ പറയുന്നു. നിലവിൽ ആറ് നിയമസഭാ സീറ്റുകൾ കോൺഗ്രസിനൊപ്പമാണ്. ഏപ്രിൽ 19നാണ് ഉത്തരാഖണ്ഡിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്.