ഉത്തരേന്ത്യയിലെ ജനജീവിതം ദുരിതത്തിലാക്കി ശൈത്യ തരംഗം
ഡൽഹി വിമാനത്താവളം വഴിയുള്ള ഭൂരിഭാഗം സർവീസുകളും മൂടൽ മഞ്ഞിനെ തുടർന്ന് വൈകി
ഡല്‍ഹി: ഉത്തരേന്ത്യയിലെ ജനജീവിതം ദുരിതത്തിലാക്കി ശൈത്യ തരംഗം. ഡൽഹി വിമാനത്താവളം വഴിയുള്ള ഭൂരിഭാഗം സർവീസുകളും മൂടൽ മഞ്ഞിനെ തുടർന്ന് വൈകി. വിമാനം വൈകുമെന്നറിഞ്ഞ രോഷത്തിൽ ഇൻഡിഗോ വിമാനത്തിന്‍റെ പൈലറ്റിനെ യാത്രക്കാരൻ മർദ്ദിച്ചു.
ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് ഹിമാചൽ, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ ആണ് ശൈത്യം കനക്കുന്നത്. മൂടൽ മഞ്ഞിനെ തുടർന്ന് റെയിൽ റെഡ് വ്യോമ ഗതാഗതം വിവിധ ഇടങ്ങളിൽ താറുമാറായി. ഡൽഹി വഴിയുള്ള 83 ശതമാനം സർവീസുകളും വൈകിയതോടെ 153 വിമാനങ്ങളിലെ യാത്രക്കാർ ദുരിതത്തിലായി. ഹൈദരാബാദ്, ജയ്പൂർ വിമാനത്താവളങ്ങളിലും സർവീസുകളെ പ്രതികൂല കാലാവസ്ഥ ബാധിച്ചു. ഡൽഹിയിൽ നിന്ന് ഗോവയിലേക്ക് സർവീസ് നടത്തുന്ന വിമാനം വൈകുമെന്ന് അറിയിച്ച പൈലറ്റിനാണ് ഇന്നലെ മർദ്ദനം ഏൽക്കേണ്ടി വന്നത്.
ഇൻഡിഗോ കമ്പനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് യാത്രക്കാരനായ സഹിൽ കടാരിയയെ അറസ്റ്റ് ചെയ്തു. എട്ട് വിമാനങ്ങൾ ആണ് ഡൽഹിയിൽ ഇന്ന് മൂടൽ മഞ്ഞിനെ തുടർന്ന് റദ്ദാക്കിയത്. 18 ട്രെയിൻ സർവീസുകളും മൂടൽ മഞ്ഞിനെ തുടർന്ന് വൈകി. ശൈത്യ തരംഗം നീളുമെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാഴ്ചാ പരിധി കുറയുന്ന സാഹചര്യത്തിൽ റോഡ് യാത്രികരോടും ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.