തിരുപ്പതി ക്ഷേത്രത്തിലെ ലഡുവിൽ പുകയില കഷ്ണങ്ങൾ കണ്ടെത്തിയെന്ന പരാതിയുമായി യുവതി
തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പുണ്ടെന്നാരോപണം ഉയർന്നതിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്
ഹൈദരാബാദ്:തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി നൽകിയ ലഡുവിൽ പുകയില കഷ്ണങ്ങൾ കണ്ടെത്തിയെന്ന് യുവതി. ആരോപണം തള്ളി ക്ഷേത്രം അധികൃതർ. ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി നൽകിയ ലഡുവിനുള്ളിൽ പേപ്പറിൽ പൊതിഞ്ഞ നിലയിൽ പുകയില കണ്ടെത്തിയെന്നായിരുന്നു ആന്ധ്രാപ്രദേശ് സ്വദേശിനിയായ യുവതിയുടെ ആരോപണം.
ഇക്കഴിഞ്ഞ 19ന് അവർ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയെന്നും, പ്രസാദമായി ലഭിച്ച ലഡ്ഡുവിൽ പുകയില കഷ്ണങ്ങൾ കണ്ടെത്തിയെന്നായിരുന്നു ഖമ്മം ജില്ലക്കാരിയായ ദോന്തു പത്മാവതിയുടെ ആരോപണം. പ്രസാദം കുടുംബക്കാർക്കും അയൽക്കാർക്കും പങ്കിടുന്നതിനിടയിലാണ് പേപ്പറിൽ പൊതിഞ്ഞ നിലയിൽ പുകയില കണ്ടെത്തിയതെന്നവർ പറഞ്ഞു. ഞാൻ ലഡ്ഡു വിതരണം ചെയ്യാൻ ഒരുങ്ങുമ്പോഴാണ് ഒരു ചെറിയ പേപ്പറിൽ പൊതിഞ്ഞ പുകയില കഷണങ്ങൾ കണ്ടത്. പ്രസാദം പവിത്രമായിരിക്കണം, ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ഹൃദയഭേദകമാണെന്നും അവർ പറഞ്ഞു.
തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പുണ്ടെന്നാരോപണം ഉയർന്നതിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്. എന്നാൽ, തിരുമല തിരുപ്പതി ദേവസ്ഥാനം ലഡ്ഡുവിൽ പുകയില അടങ്ങിയിട്ടുണ്ടെന്ന ആരോപണത്തിനെതിരെ അധികൃതർ രംഗത്തെത്തി. തിരുമലയിലെ ലഡ്ഡു അതീവ ഭക്തിയോടെ തയ്യാറാക്കുന്നതാണെന്നും കർശനമായ സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ചാണ് ഇവയുണ്ടാക്കുന്നതെന്നും ദേവസ്വം അധികൃതർ അറിയിച്ചു..