ഭക്ഷണം വിതരണം ചെയ്യാനെത്തിയ ധാബ ഉടമയുടെ മകന്‍ ഡോക്ടറെ പീഡിപ്പിച്ചു
സംഭവത്തില്‍ സുകാന്ത ബെഹേര(35)യെ പൊലീസ് അറസ്റ്റ് ചെയ്തു
ഭക്ഷണം ഡെലിവര്‍ ചെയ്യാനെത്തിയ ധാബ ഉടമയുടെ മകന്‍ വനിതാ ഡോക്ടറെ പീഡനത്തിനിരയാക്കി. ഒഡിഷയിലെ അങ്കുള്‍ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ സുകാന്ത ബെഹേര(35)യെ പൊലീസ് അറസ്റ്റ് ചെയ്തു.
ചന്ദിപദ പ്രദേശത്തെ വീട്ടിൽ ഫുഡ് പാഴ്സല്‍ വിതരണം ചെയ്യുന്നതിനിടെ 32 കാരിയായ ഡോക്ടറെ ബെഹേര ബലാത്സംഗം ചെയ്യുകയായിരുന്നു. സമീപത്തെ ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടറായ യുവതി സഹോദരനോടൊപ്പം തങ്ങള്‍ക്കായി അനുവദിച്ച ഔദ്യോഗിക വസതിയിലായിരുന്നു താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോള്‍ ഡോക്ടര്‍ വീട്ടില്‍ ഒറ്റക്കായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സഹോദരന്‍ ഓര്‍ഡര്‍ ചെയ്തത് അനുസരിച്ചാണ് ബെഹേര തങ്ങളുടെ ധാബയില്‍ നിന്നും ഭക്ഷണവുമായി രാത്രി 11 മണിയോടെ വീട്ടിലെത്തിയത്. യുവതി ഒറ്റക്കാണെന്ന് മനസിലാക്കിയ ബെഹേര പീഡനത്തിനിരയാക്കുകയായിരുന്നു.
ഇരുവരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ ബെഹേരയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.