സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇനിയാര്?; താത്കാലിക സെക്രട്ടറിയുണ്ടാവില്ലെന്ന് സൂചന
പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സമ്മേളനങ്ങൾ തുടങ്ങിയപ്പോഴാണ് സീതാറാം യെച്ചൂരിയുടെ വേർപാട്.
ന്യൂഡൽഹി: സീതാറാം യെച്ചൂരിയുടെ മരണത്തോടെ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇനിയാര് എന്നതാണ് പ്രധാന ചോദ്യം. താത്കാലിക ജനറൽ സെക്രട്ടറിയായി ആരെയെങ്കിലും നിയമിക്കുന്നതിനെ കുറിച്ച് പാർട്ടി ഇതുവരെ ചിന്തിച്ചിട്ടില്ല. ഈ മാസം അവസാനം ചേരുന്ന പോളിറ്റ്ബ്യുറോ യോഗവും കേന്ദ്ര കമ്മിറ്റി യോഗവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സമ്മേളനങ്ങൾ തുടങ്ങിയപ്പോഴാണ് സീതാറാം യെച്ചൂരിയുടെ വേർപാട്. പാർട്ടി കോൺഗ്രസിൽ ചർച്ച്ക്ക് വെക്കേണ്ട കരടിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ട ആഴ്ചയാണ് കടന്നുപോകുന്നത്. കഴിഞ്ഞ പാർട്ടി കോൺഗ്രസുകളിൽ കരട് രൂപീകാരണത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നത് യെച്ചൂരിയായിരുന്നു. 25 ദിവസം ആശുപത്രി കിടക്കയിൽ തന്നെ ആയിരുന്നതിനാൽ റെസിഡൻസ് പിബി ചേർന്നു ഒരുക്കിയ സംവിധാനത്തിലാണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയിരുന്നത്.
ഈ മാസം അവസാനം വരെ ഈ സംവിധാനം തുടരട്ടെ എന്ന നിലപാടിലാണ് നേതാക്കൾ. ജനറൽ സെക്രട്ടറി പദവിയിലിരിക്കെ ഒരാൾ മരിക്കുന്നത് സിപിഎമ്മിനെ സംബന്ധിച്ച് ആദ്യ അനുഭവമാണ്. പ്രകാശ് കാരാട്ടിനും ബൃന്ദാ കാരാട്ടിനും 75 കഴിഞ്ഞതിനാൽ അടുത്ത പിബിയിൽ ഇവരുണ്ടാകില്ല. എം.എ ബേബി, എ. വിജയരാഘവൻ തുടങ്ങിയ കേരളാ നേതാക്കളും പരിഗണിക്കപ്പെടുമെന്നാണ് സൂചന.