എൻ.സി.പി വിട്ട അജിത് പവാർ ഉൾപ്പെടെ 9 നേതാക്കൾക്കെതിരെ അയോഗ്യതാ നോട്ടീസ്

നിയമസഭാ സ്പീക്കർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയതായി എൻ.സി.പി നേതാവ് ജയന്ത് പാട്ടീൽ

Update: 2023-07-03 03:01 GMT
Advertising

മുംബൈ: എൻ.സി.പി വിട്ട അജിത് പവാർ ഉൾപ്പെടെയുള്ള 9 നേതാക്കൾക്കെതിരെ പാർട്ടി അയോഗ്യതാ നോട്ടീസ് നൽകി. നിയമസഭാ സ്പീക്കർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയതായി എൻ.സി.പി നേതാവ് ജയന്ത് പാട്ടീൽ അറിയിച്ചു. അതേസമയം പാർട്ടിയുടെ പിളർപ്പിനു ശേഷമുള്ള സാഹചര്യം വിലയിരുത്താൻ എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത് പവാർ പ്രത്യേക യോഗം വിളിച്ചു. വ്യാഴാഴ്ച ചേരുന്ന യോഗത്തിൽ പാർട്ടിയുടെ ഭാവി നിലപാട് അടക്കം ചർച്ച ചെയ്തു തീരുമാനിക്കും.

നാടകീയ നീക്കങ്ങൾക്കൊടുവിലാണ് എൻ.സി.പിയെ പിളർത്തി അജിത് പവാർ ഏക്നാഥ് ഷിൻഡെ സർക്കാരിന്റെ ഭാഗമായത്. 29 എം.എൽ.എമാരുമായാണ് അജിത് പവാർ രാജ്ഭവനിൽ എത്തിയത്. മുതിർന്ന നേതാവ് പ്രഫുൽ പട്ടേലും അജിത് പവാറിനൊപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെയും ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെയും സാന്നിധ്യത്തിലാണ് രാജ്ഭവനിൽ സത്യപ്രതിജ്ഞ നടന്നത്. അജിത് പവാറിനൊപ്പമുള്ള എട്ട് എൻ.സി.പി എം.എൽ.എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇതിൽ ശരദ് പവാറിന്റെ വിശ്വസ്തരായ ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ, അനിൽ പാട്ടിൽ എന്നിവരും ഉൾപ്പെടുന്നു. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാർ എന്‍.സി.പിയുടെ പൂർണ നിയന്ത്രണം തന്റെ വിഭാഗത്തിനാണെന്ന് വാദിച്ചു. 40 എന്‍.സി.പി എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നാണ് അജിത് പവാറിന്‍റെ അവകാശവാദം.

എൻ.സി.പിക്ക് മഹാരാഷ്ട്ര നിയമസഭയിൽ ആകെ 53 അംഗങ്ങളാണുള്ളത്. എന്‍.സി.പിയിലെ അധികാരത്തർക്കമാണ് പിളർപ്പിലേക്ക് നയിച്ചത് എന്നാണ് സൂചന. 2019നു ശേഷം മൂന്നാം വട്ടമാണ് അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകുന്നത്. അജിത് പവാർ ബി.ജെ.പി പാളയത്തിൽ എത്തിയതോടെ എൻ.സി.പി ആദ്യം ചെയ്തത് പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുകയായിരുന്നു. ശരത് പവാറിന്റെ വിശ്വസ്തനായ ധീരേന്ദ്ര അവാദിന്റെ പേരാണ് മുന്നോട്ട് വച്ചത്. എൻ.സി.പി പിളർപ്പോടെ മഹാവികാസ് അഘാഡിയിൽ ഏറ്റവും വലിയ പാർട്ടി 44 സീറ്റുകളുള്ള കോൺഗ്രസ് ആണ്. ശരത് പവാറിന്റെ സീനിയോറിറ്റിയും നിലവിലെ സാഹചര്യവും മുൻനിർത്തിയാണ് എൻ.സി.പിക്ക് തന്നെ നേതൃപദവി നൽകിയത്. സാധാരണ മുന്നണിയിലെ ഏറ്റവും അംഗബലമുള്ള പാർട്ടിക്ക് നേതൃപദവി നൽകുന്നതാണ് കീഴ്വഴക്കം. പാർട്ടി പുനഃസംഘടന നടത്തിയപ്പോൾ പവാറിന്റെ മകൾ സുപ്രിയ സൂലെ എം.പിക്കൊപ്പം പ്രഫുൽ പട്ടേലിനെയും വർക്കിങ് പ്രസിഡന്റ്‌ ആക്കിയിരുന്നു.

രാജ്യസഭാ എംപി കൂടിയായ പ്രഫുൽ പട്ടേൽ ബി.ജെ.പി മുന്നണിയിൽ ചേക്കേറിയത് അണികളെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. പ്രഫുൽ പട്ടേലിനു പകരം പുതിയ വർക്കിങ് പ്രസിഡന്‍റ് വേണമോ എന്ന കാര്യം ആറാം തിയ്യതിയിലെ യോഗത്തിൽ തീരുമാനിക്കും. മഹാരാഷ്ട നിയമസഭയിലേക്കും ലോക്സഭയിലേക്കും തെരഞ്ഞെടുപ്പ് അടുത്ത വർഷമാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണി നടക്കാനിരിക്കെയാണ് എൻ.സി.പിയുടെ പിളർപ്പ്. ഇതോടെ പ്രഫുൽ പട്ടേലിനു മികച്ച വകുപ്പ് നൽകി കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നും സൂചനയുണ്ട്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News