തമിഴ്​നാടിനെ വിഭജിച്ച്​ 'കൊങ്കുനാട്​' രൂപവത്​കരിക്കാനുള്ള കേന്ദ്ര നീക്കം; വ്യാപക പ്രതിഷേധം

തമിഴ്നാടിനെ വിഭജിക്കാൻ അനുവദിക്കില്ലെന്ന് ഡിഎംകെയും ഇടത് പാർട്ടികളും വ്യക്തമാക്കി

Update: 2021-07-12 02:16 GMT
Advertising

തമിഴ്​നാടിനെ വിഭജിച്ച് 'കൊങ്കുനാട്​' എന്ന പേരിൽ കേന്ദ്രഭരണപ്രദേശം രൂപവത്​കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്​തമാകുന്നു. തമിഴ്നാടിനെ വിഭജിക്കാൻ അനുവദിക്കില്ലെന്ന് ഡിഎംകെയും ഇടത് പാർട്ടികളും വ്യക്തമാക്കി.

തമിഴ്നാട് ബിജെപിയുടെ മുൻ പ്രസിഡന്റായ എൽ മുരുകൻ കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് വിവാദങ്ങൾ തുടങ്ങുന്നത്. കൊങ്ങുനാടിന്റെ പ്രതിനിധിയായാണ് കേന്ദ്രസർക്കാർ മുരുകനെ വിശേഷിപ്പിച്ചത്. തൊട്ടുപിന്നാലെ കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി ഉള്‍പ്പെടുന്ന കൊങ്കുമേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുമെന്ന് തമിഴ് ദിനപ്പത്രത്തിൽ റിപ്പോർട്ടും വന്നു. ഈ റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിഷേധമാണ് തമിഴ്നാട്ടിൽ ഉയരുന്നത്.

ബിജെപിയുടെ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ഡിഎംകെയും ഇടത് പാർട്ടികളും വ്യക്തമാക്കി. വിഷയത്തിൽ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ സംസ്ഥാന വ്യാപകമായി മർച്ച് നടത്തി. തമിഴ്നാടിനെ വിഭജിക്കാമെന്നത് ബിജെപിയുടെ സ്വപ്നം മാത്രമാണെന്ന് ഡിഎംകെ നേതാവ് കനിമൊഴി പറഞ്ഞു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ബിജെപിയുടെ നീക്കമെന്നാണ് ഇടത് പാർട്ടികളുടെ ആരോപണം. എംഡിഎംകെയും നീക്കത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ചുള്ള തീരുമാനം കൈക്കൊള്ളുമെന്ന് തമിഴ്നാട്ടിലെ മുതിർന്ന ബിജെപി നേതാവ് കാരു നാഗരാജൻ അറിയിച്ചു. തമിഴ്നാടിനെ വിഭജിക്കാനുള്ള കേന്ദ്ര നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിലും ചർച്ച പുരോഗമിക്കുകയാണ്.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News