'എന്നെ തീവ്രവാദിയെന്ന് വിളിച്ചവര്‍ക്ക് ആദ്യം ജനങ്ങള്‍ മറുപടി നല്‍കി, ഇപ്പോള്‍ കോടതിയും': കെജ്‌രിവാള്‍

ബാലിശമായ ഹരജികള്‍‌ ഫയല്‍ ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതി

Update: 2022-03-16 03:34 GMT
Advertising

ആം ആദ്മി പാർട്ടിക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു. ദയവായി ഇത്തരം ബാലിശമായ ഹരജികള്‍‌ ഫയല്‍ ചെയ്യരുതെന്ന് ആക്റ്റിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സംഘിയും ജസ്റ്റിസ് നവീന്‍ ചൌളയും പറഞ്ഞു.

സിഖ്‌സ് ഫോർ ജസ്റ്റിസുമായും (എസ്‌എഫ്‌ജെ) മറ്റ് ഖാലിസ്ഥാൻ വിഘടനവാദികളുമായും കെജ്‍രിവാളിന് ബന്ധമുണ്ടെന്നായിരുന്നു ഹരജിക്കാരുടെ ആരോപണം. ജഗദിഷ് ശര്‍മയായിരുന്നു പരാതിക്കാരന്‍. എഎപിയുടെ അംഗത്വം തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെൻഡ് ചെയ്യണമെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് എഎപിയെ വിലക്കണമെന്നും ശർമ ഹരജിയിൽ ആവശ്യപ്പെട്ടു. പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി ഫെബ്രുവരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇത് സംബന്ധിച്ച് എഴുതിയ കത്തും മുൻ എഎപി നേതാവ് കുമാർ വിശ്വാസ് നടത്തിയ പ്രസ്താവനകളും ചൂണ്ടിക്കാട്ടിയാണ് ഹരജി. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുൻ പഞ്ചാബ് മുഖ്യമന്ത്രിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി ഉറപ്പ് നൽകിയതായി ഹർജിയിൽ പറയുന്നു.

"പഞ്ചാബിലെ മുൻ മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് അയച്ച കത്ത് അധികൃതര്‍ക്ക് അറിയാമെന്ന് നിങ്ങളുടെ ഹരജിയില്‍ പറയുന്നു. ഞങ്ങള്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന ചോദ്യം എവിടെയാണ് ഉയരുന്നത്? ദയവു ചെയ്ത് ഇത്തരം നിസ്സാര ഹർജികൾ ഫയൽ ചെയ്യരുത്. ഇത് തികച്ചും നിസ്സാരമാണ്. അധികൃതര്‍ നടപടിയെടുക്കില്ലെന്നും നടപടിയെടുക്കുന്നില്ലെന്നും ചിന്തിക്കാൻ എന്തെങ്കിലും കാരണമുണ്ടോ?" ഹരജി തള്ളിക്കൊണ്ട് കോടതി ചോദിച്ചു.

ഹരജി പരിഗണിക്കാൻ കോടതി വിസമ്മതിച്ചതിനെ തുടർന്ന് കെജ്‌രിവാൾ ഒരു ട്വീറ്റിൽ ഇങ്ങനെ കുറിച്ചു- "എന്നെ തീവ്രവാദി എന്ന് വിളിച്ചവർക്ക് ആദ്യം ജനങ്ങൾ മറുപടി നല്‍കി, ഇന്ന് കോടതി അവർക്ക് ഉത്തരം നൽകി".



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News