രാജ്യത്ത് നിലനിൽക്കുന്നത് അക്രമത്തിന്റെയും അശാന്തിയുടെയും അന്തരീക്ഷം: അശോക് ഗെഹ്‌ലോട്ട്
''കാൽനടയായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ എത്ര കുടിയേറ്റക്കാർ വഴിയിൽ വീണ് മരിച്ചുവെന്ന് അവർക്ക് വല്ല കണക്കുമുണ്ടോ? അവരിൽ ഏത്ര പേർക്കാണ് വഴിയിൽ ജീവൻ നഷ്ടപ്പെട്ടത്?''-ഗെഹ്‌ലോട്ട് ചോദിച്ചു.
അക്രമത്തിന്റെയും അശാന്തിയുടെയും അവിശ്വാസത്തിന്റെയും അന്തരീക്ഷമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
''പാർലമെന്റിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ ദൗർഭാഗ്യകരമാണ്. ഈ രാജ്യം ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്ന് ആർക്കുമറിയില്ല. അക്രമത്തിന്റെയും അശാന്തിയുടെയും അവിശ്വാസത്തിന്റെയും അന്തരീക്ഷമാണ് അവിടെ നിലനിൽക്കുന്നത്. ഞങ്ങളുടെ ആരോപണങ്ങൾ എൻ.ഡി.എ ഗവൺമെന്റിനും ബി.ജെ.പിക്കും ആർ.എസ്.എസിനും എതിരാണ്. എന്നാൽ ഞങ്ങൾ പ്രകോപിപ്പിക്കുകയാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്''-ഗെഹ്‌ലോട്ട് പറഞ്ഞു.
ഒരു മുൻകരുതലുമില്ലാതെ രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചത് മോദി ഗവൺമെന്റിന്റെ പിഴവായിരുന്നുവെന്ന് ഗെഹ്‌ലോട്ട് പറഞ്ഞു. ''കാൽനടയായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ എത്ര കുടിയേറ്റക്കാർ വഴിയിൽ വീണ് മരിച്ചുവെന്ന് അവർക്ക് വല്ല കണക്കുമുണ്ടോ? അവരിൽ ഏത്ര പേർക്കാണ് വഴിയിൽ ജീവൻ നഷ്ടപ്പെട്ടത്?''-അദ്ദേഹം ചോദിച്ചു.
രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നതെന്നും ഗെഹ്‌ലോട്ട് ആരോപിച്ചു. കോവിഡിന്റെ ആദ്യ തരംഗത്തിൽ ലോക്ഡൗണിനെ തുടർന്ന് കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെ മറ്റു കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.
കോവിഡിന്റെ ആദ്യ തരംഗത്തിൽ രാജ്യത്ത് ലോക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ എല്ലാവരും എവിടെയാണോ അവിടെ തുടരാനാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടത്. എന്നാൽ കോൺഗ്രസ് മുംബൈ റെയിൽവേ സ്‌റ്റേഷനിലെത്തി കുടിയേറ്റക്കാരെ ഭയപ്പെടുത്തുകയായിരുന്നു എന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ലോക്‌സഭയിൽ പറഞ്ഞത്.
''അവർ തൊഴിലാളികളോട് സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങാൻ നിർബന്ധിച്ചു. അതിനെ തുടർന്നാണ് പഞ്ചാബ്, യു.പി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ രോഗം അതിവേഗം പടർന്നത്. ഒരു പാപമാണ് കോൺഗ്രസ് ചെയ്തത്'' - മോദി പറഞ്ഞു.