ബിജെപിയെ വീണ്ടും വെട്ടിലാക്കി വരുൺ ഗാന്ധി എം.പി; 'ജയ്ശ്രീറാം, ഭാരത് മാതാ കീ ജയ് പറഞ്ഞ് വരുന്നവർക്ക് വോട്ട് ചെയ്യരുത്'
സ്വന്തം പാർട്ടിക്കും കേന്ദ്ര- സംസ്ഥാന സർക്കാർ നയങ്ങൾക്കുമെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന നേതാവാണ് വരുൺ ഗാന്ധി.
ലഖ്നൗ: ബിജെപിയെ വീണ്ടും വെട്ടിലാക്കി വരുൺ ഗാന്ധി എംപി. ജയ്ശ്രീറാം, ഭാരത് മാതാ കീ ജയ് പറഞ്ഞ് വരുന്നവർക്ക് വോട്ട് നൽകരുതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ നടന്ന പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉത്തർപ്രദേശിലെ പിലിഭിത്തിൽ നിന്നുള്ള ബിജെപി എംപിയായ വരുൺ ഗാന്ധി.
"ആർക്കും വോട്ടു ചെയ്യൂ. പക്ഷേ നിങ്ങളുടെ തലച്ചോറ് പ്രയോഗിച്ചതിന് ശേഷം മാത്രമേ അത് പാടുള്ളൂ. ഭാരത് മാതാ കീ ജയ് അല്ലെങ്കിൽ ജയ് ശ്രീറാം എന്ന വിളികൾ കേട്ട് വോട്ട് ചെയ്യരുത്. കാരണം അതിനുശേഷം നിങ്ങൾ വെറുമാരു നമ്പരായി മാറും. നിങ്ങൾ വെറുമൊരു നമ്പർ മാത്രാമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല"- വരുൺ ഗാന്ധി വ്യക്തമാക്കി.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരോക്ഷ പരിഹാസവും വരുൺ ഗാന്ധി നടത്തി. പരിപാടിക്കിടെ തന്റെയടുത്ത് നിന്ന സന്യാസിയുടെ ഫോണിൽ കോൾ വന്നപ്പോൾ അതെടുക്കാൻ പറഞ്ഞ വരുൺ ഗാന്ധി, 'സന്യാസി വരുംകാലത്ത് മുഖ്യമന്ത്രിയാകില്ലെന്ന് ആര് കണ്ടു' എന്ന് പറഞ്ഞായിരുന്നു പരിഹാസം.
സ്വന്തം പാർട്ടിക്കും കേന്ദ്ര- സംസ്ഥാന സർക്കാർ നയങ്ങൾക്കുമെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന വരുൺ ഗാന്ധി, തന്റെ പ്രസംഗത്തിൽ ഗാന്ധി കുടുംബത്തെ പുകഴ്ത്തുകയും ചെയ്തു. മധുരമായി സംസാരിച്ച് വോട്ട് തട്ടിയെടുക്കുന്നവരെപ്പോലെയല്ല ഗാന്ധി കുടുംബമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ, കർഷക സമരം, ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല, പാചകവാതക വിലവർധന, അഗ്നിപഥ് പദ്ധതി, യുക്രൈയ്ൻ രക്ഷാപ്രവർത്തനം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി വരുൺ ഗാന്ധി രംഗത്തെത്തിയിരുന്നു.
കര്‍ഷക പ്രക്ഷോഭകരെ കൊല ചെയ്ത് നിശബ്ദരാക്കാനാകില്ലെന്ന് മനസിലാക്കണമെന്നായിരുന്നു ലഖിംപൂർ ഖേരി കൊലക്കേസിൽ വരുണ്‍ ഗാന്ധിയുടെ വിമർശനം. അഹങ്കാരവും ക്രൂരതയും തുറന്നുകാട്ടുന്ന ഈ ദൃശ്യങ്ങള്‍ ഓരോ കര്‍ഷകന്റെയും മനസിലേക്ക് വ്യാപിക്കുകയാണ്. അതിന് മുന്‍പ് നിരപരാധികളായ കര്‍ഷകരുടെ ചോര വീഴ്ത്തിയവര്‍ ഉത്തരവാദിത്തം ഏല്‍ക്കാന്‍ തയാറാകണം. കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കണം- എന്നും വരുൺ ഗാന്ധി പറഞ്ഞിരുന്നു.
റേഷൻ ലഭിക്കാൻ ദേശീയ പതാക നിർബന്ധിച്ച് വാങ്ങിപ്പിക്കുന്നതായും അല്ലെങ്കിൽ അവരുടെ റേഷൻ വിഹിതം കുറക്കുന്നതായും ഇത് പാവപ്പെട്ടവരെ ദ്രോഹിക്കുന്ന നടപടിയാണെന്നും നേരത്തെ ബിജെപിക്കെതിരെ വരുൺ ഗാന്ധി തുറന്നടിച്ചിരുന്നു. ഹർ ഘർ തിരങ്ക കാമ്പയിനിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയപതാക ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു വരുണിന്റെ വിമർശനം.
നേരത്തെ, പാചകവാതക വില വർധനവിനെതിരെയും അദ്ദേഹം രംഗത്തെത്തിയിരുന്നു. രാജ്യത്ത് തൊഴിലില്ലായ്മ അതിന്റെ ഉച്ചസ്ഥായിയിൽ ആയിരിക്കുമ്പോൾ, ഇന്ത്യക്കാർ ലോകത്തിലെ ഏറ്റവും വലിയ വില കൊടുത്ത് എൽപിജി വാങ്ങുന്നു. പാവങ്ങളുടെ അടുക്കളയിൽ വീണ്ടും പുക നിറയുന്നു- എന്നായിരുന്നു രാഹുൽ തന്റെ എക്സ് (ട്വിറ്റർ) ഹാൻഡിലിൽ കുറിച്ചിരുന്നത്.
കാർഷിക നിയമങ്ങൾ നേരത്തെ പിൻവലിക്കാമായിരുന്നുവെന്നും അങ്ങനെ ചെയ്തിരുന്നെങ്കിൽ നിരപരാധികളായ 700ലധികം കർഷകരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും വരുൺ ഗാന്ധി പറഞ്ഞിരുന്നു. സമരത്തിനിടെ ജീവൻ നഷ്ടപ്പെട്ട കർഷകരുടെ നിര്യാണത്തിൽ അനുശോചിക്കണം, അവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ വരുൺ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
അധ്യാപക നിയമന പരീക്ഷയിൽ അട്ടിമറി ആരോപിച്ച് പ്രകടനം നടത്തിയ ഉദ്യോഗാർഥികൾക്ക് നേരെ ലാത്തിച്ചാർജ് നടത്തിയ യുപി പൊലീസ് നടപടിയിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെയും പരസ്യവിമർശനവുമായി വരുൺ ഗാന്ധി രംഗത്തുവന്നിരുന്നു. സ്വകാര്യ വല്‍ക്കരണം നിരവധി പേരെ തൊഴില്‍ രഹിതരാക്കിയെന്നും ജനങ്ങൾക്കു വേണ്ടിയുള്ള ഭരണകൂടം ഒരിക്കലും മുതലാളിത്തത്തെ പിന്തുണയ്ക്കില്ലെന്നു വ്യക്തമാക്കിയും കേന്ദ്രത്തിനെതിരെയും മുമ്പ് വരുൺ ഗാന്ധി വിമർശനം ഉന്നയിച്ചിരുന്നു.