യോഗി ആദിത്യനാഥിന് പരാജയഭീതി: ഡോ. എസ്‌ക്യുആർ ഇല്യാസ്
ബിജെപിയുടെ വർഗീയ ഫാസിസത്തെ തോൽപ്പിക്കാൻ സമാജ്‌വാദിയുമായി സഖ്യം ചേരാൻ പാർട്ടി സന്നദ്ധം
ന്യൂഡൽഹി: വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന തെരഞ്ഞെടുപ്പിലെ തോൽവി മുമ്പിൽക്കണ്ടെന്ന് ദേശീയ അധ്യക്ഷൻ ഡോ. എസ്.ക്യു.ആർ ഇല്യാസ്. വെൽഫെയർ പാർട്ടി തെരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്ത മതേതര രാഷ്ട്രീയ കക്ഷിയാണെന്നും ബിജെപിയുടെ വർഗീയ ഫാസിസത്തെ തോൽപ്പിക്കാൻ സമാജ്‌വാദിയുമായി സഖ്യം ചേരാൻ പാർട്ടി സന്നദ്ധമാണ് എന്നും അദ്ദേഹം പറഞ്ഞു.
അഖിലേഷ് യാദവുമായി കഴിഞ്ഞദിവസം എസ്‌ക്യുആർ ഇല്യാസ് നടത്തിയ കൂടിക്കാഴ്ചയെയാണ് യോഗി ആദിത്യനാഥ് വർഗീയമായി ചിത്രീകരിച്ചിരുന്നത്. ഉമർ ഖാലിദിന്റെ പിതാവും അഖിലേഷും തമ്മിൽ കൂടിക്കാഴ്ച നടത്തി എന്നാണ് ആദിത്യനാഥ് പറഞ്ഞിരുന്നത്.
'ഉമർ ഖാലിദിന്റെ പിതാവാകുക എന്നത് കുറ്റമല്ല. ഉമർ ഖാലിദ് കുറ്റവാളിയുമല്ല. ഗൂഢാലോചനയിലെ ഇര മാത്രമാണ്. ഒരു വർഷമായി അദ്ദേഹം ജയിലിൽ കഴിയുകയാണ്. ഭരണഘടന ഉയർത്തിപ്പിടിച്ചു എന്നതു മാത്രമാണ് അദ്ദേഹം ചെയ്ത കുറ്റം.'- അദ്ദേഹം പറഞ്ഞു.
യോഗി ആദിത്യനാഥ് തീവ്രഹിന്ദുത്വത്തിന്റെ പോസ്റ്റർ ബോയ് ആണെന്ന് ചൂണ്ടിക്കാട്ടിയ ഇല്യാസ് സാമുദായിക ധ്രുവീകരണം മാത്രമാണ് അദ്ദേഹത്തിന്റെ ആയുധമെന്നും ചൂണ്ടിക്കാട്ടി. നിരുത്തരവാദപരവും അർധസത്യവും നിറഞ്ഞതാണ് ആദിത്യനാഥിന്റെ പ്രസ്താവനകൾ. സമാജ്‌വാദി പാർട്ടിയും വെൽഫെയർ പാർട്ടിയും തമ്മിലുള്ള സഖ്യത്തെ അദ്ദേഹം ഭയക്കുന്നു. അതുകൊണ്ടാണ് ആദിത്യനാഥ് സഖ്യത്തെ ലക്ഷ്യം വയ്ക്കുന്നത്. യുപിയിലെ ജനങ്ങൾ ആദിത്യനാഥിന് ഒരവസരം കൂടി നൽകില്ല.- ഇല്യാസ് വ്യക്തമാക്കി.