പാക് ചാരസംഘടനക്ക് വിവരങ്ങൾ ചോർത്തൽ; അറസ്റ്റിലായ ഡിആർഡിഒ ശാസ്ത്രജ്ഞൻ ജുഡീഷ്യൽ കസ്റ്റഡിയിൽ

കുരുൽക്കറിന് ആർ.എസ്.എസുമായി അടുത്തബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു

Update: 2023-05-16 12:57 GMT
Editor : banuisahak | By : Web Desk
Advertising

പൂനെ: കിസ്താൻ ചാരസംഘടനയ്ക്ക് രഹസ്യ വിവരങ്ങൾ കൈമാറിയതിന് അറസ്റ്റിലായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷനിലെ (ഡിആർഡിഒ) ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കർ ജുഡീഷ്യൽ കസ്റ്റഡിയിൽ. പൂനെയിലെ പ്രത്യേക കോടതിയാണ് മെയ് 29 വരെ പ്രദീപ് കുരുൽക്കറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. 

പൂനെയിലെ ഡിഫൻസ് റിസർച്ച് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) ലാബിൽ ഡയറക്ടറായ കുരുൽക്കറിനെ മെയ് മൂന്നിനാണ് മഹാരാഷ്ട്ര പോലീസിന്റെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. വിചാരണക്കിടെ തനിക്ക് ശാരീരിക പ്രശ്നങ്ങളുണ്ടെന്നും മരുന്നുകളും വീട്ടിലെ ഭക്ഷണവും വേണമെന്നും കുരുൽക്കർ ആവശ്യപ്പെട്ടിരുന്നു. 

മരുന്ന് നൽകാൻ കോടതി അനുമതി നൽകിയെങ്കിലും വീട്ടിൽ നിന്ന് ഭക്ഷണം എത്തിക്കണമെന്ന ആവശ്യം നിരസിച്ചു.അടുത്ത 14 ദിവസത്തേക്കാണ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഇയാളുടെ മൊബൈൽ ഫോൺ വിശകലനം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ച പ്രത്യേക കോടതി ഇയാളുടെ പോലീസ് കസ്റ്റഡി ചൊവ്വാഴ്ച വരെ നീട്ടിയിരുന്നു., 

ഇതിനിടെ കുരുൽക്കറിന് ആർ.എസ്.എസുമായി അടുത്തബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആർ.എസ്.എസുമായുള്ള തന്‍റെ ബന്ധത്തിന് തലമുറകളുടെ പഴക്കമുണ്ടെന്ന് കഴിഞ്ഞ വർഷം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രദീപ് കുരുൽക്കർ വെളിപ്പെടുത്തിയിരുന്നു. പ്രദീപ് സവർക്കർ സ്‌മൃതി ദിനത്തിൽ ആർഎസ്എസ് ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുന്ന ചിത്രവും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 

പ്രദീപ് കുരുൽക്കര്‍ ഒരു വര്‍ഷമായി പാക് ഏജന്‍റുമായി ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്താൻ‍ ഇന്റലിജന്റ്സ് ഓപറേറ്റീവിന്റെ വനിതാ ഏജന്റുമായിട്ടായിരുന്നു ഇയാൾ ബന്ധം സ്ഥാപിച്ചിരുന്നത്. ഇവരുമായി 2022 സെപ്തംബർ മുതൽ വാട്ട്സ്ആപ്പ് മെസേജിലൂടെയും വോയ്സ്, വീഡിയോ കോളിലൂടേയും ബന്ധപ്പെട്ടിരുന്നതായും രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ കൈമാറിയെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

വനിതാ ഏജന്‍റുമായി താൻ വീഡിയോ ചാറ്റുകളടക്കം നടത്തിയിരുന്നതായി ചോദ്യം ചെയ്യലിൽ കുരുൽ‍ക്കർ സമ്മതിച്ചതായും എ.ടി.എസ് പറഞ്ഞു.പാക് ഏജന്റുമായി ആശയവിനിമയം നടത്താൻ ഉപയോ​ഗിച്ചിരുന്ന പ്രതിയുടെ രണ്ട് മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കുകയും ഫോറൻസിക് പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തിട്ടുണ്ട്. സഹപ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുരുൽക്കറിനെ അറസ്റ്റ് ചെയ്തത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News