ചാരവൃത്തി; അറസ്റ്റിലായ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ ആര്‍.എസ്.എസ് സഹയാത്രികന്‍
ആർ.എസ്.എസുമായുള്ള തന്‍റെ ബന്ധത്തിന് തലമുറകളുടെ പഴക്കമുണ്ടെന്ന് കഴിഞ്ഞ വർഷം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രദീപ് കുരുൽക്കർ വെളിപ്പെടുത്തിയിരുന്നു
മുംബൈ: പാകിസ്താൻ ചാരസംഘടനയ്ക്ക് രഹസ്യ വിവരങ്ങൾ കൈമാറിയതിന് അറസ്റ്റിലായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷനിലെ (ഡിആർഡിഒ) ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കറിന് ആർ.എസ്.എസുമായി അടുത്തബന്ധം. ആർ.എസ്.എസുമായുള്ള തന്‍റെ ബന്ധത്തിന് തലമുറകളുടെ പഴക്കമുണ്ടെന്ന് കഴിഞ്ഞ വർഷം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രദീപ് കുരുൽക്കർ വെളിപ്പെടുത്തിയിരുന്നു.
"ഗണിതശാസ്‌ത്രജ്ഞനായിരുന്ന തന്‍റെ മുത്തച്ഛൻ ആർ.എസ്.എസ് പ്രവർത്തകനായിരുന്നു. ശാഖയുടെ കണക്കുകൾ സൂക്ഷിച്ചിരുന്നത് അദ്ദേഹമാണ്.പിന്നീട് ആ ചുമതല അച്ഛനിലും അച്ഛനിൽ നിന്ന് തന്നിലേക്കുമെത്തി. താൻ ഗണിതശാസ്‌ത്ര അധ്യാപകനായിരുന്നു. അഞ്ച് വയസ് മുതല്‍ ശാഖയില്‍ പോകുന്നുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം ശാഖ ദിനചര്യയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇപ്പോൾ മകൻ സംഘകാര്യങ്ങളിലേക്ക് പോകുന്നു. ഇത് ഞങ്ങളുടെ നാലാമത്തെ തലമുറയാണ്"- എന്നായിരുന്നു അഭിമുഖത്തിൽ കുരുൽക്കർ പറഞ്ഞത്. പ്രദീപ് സവർക്കർ സ്‌മൃതി ദിനത്തിൽ ആർഎസ്എസ് ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുന്ന ചിത്രവും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
പ്രദീപ് കുരുൽക്കര്‍ ഒരു വര്‍ഷമായി പാക് ഏജന്‍റുമായി ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. പാകിസ്താൻ ഇന്റലിജന്റ്സ് ഓപറേറ്റീവിന്റെ വനിതാ ഏജന്റുമായിട്ടായിരുന്നു ഇയാൾ ബന്ധം സ്ഥാപിച്ചിരുന്നത്. ഇവരുമായി 2022 സെപ്തംബർ മുതൽ വാട്ട്സ്ആപ്പ് മെസേജിലൂടെയും വോയ്സ്, വീഡിയോ കോളിലൂടേയും ബന്ധപ്പെട്ടിരുന്നതായും രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ കൈമാറിയെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.വനിതാ ഏജന്‍റുമായി താൻ വീഡിയോ ചാറ്റുകളടക്കം നടത്തിയിരുന്നതായി ചോദ്യം ചെയ്യലിൽ കുരുൽക്കർ സമ്മതിച്ചതായും എ.ടി.എസ് പറഞ്ഞു.പാക് ഏജന്റുമായി ആശയവിനിമയം നടത്താൻ ഉപയോഗിച്ചിരുന്ന പ്രതിയുടെ രണ്ട് മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കുകയും ഫോറൻസിക് പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് പ്രദീപ് എം കുരുൽക്കറിനെ (59) മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) പൂനെയിൽ വച്ച് ഔദ്യോഗിക രഹസ്യ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. സഹപ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി ആയേക്കാവുന്ന വിവരങ്ങളാണ് എന്നറിഞ്ഞ് കൊണ്ടു തന്നെയാണ് കുരുൽക്കർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വിവരങ്ങൾ കൈമാറിയതെന്ന് എടിഎസ് സ്ഥിരീകരിച്ചിരുന്നു. അതേസമയം, ഹണിട്രാപ്പിൽ പെടുത്തിയാണ് ശാസ്ത്രജ്ഞനിൽ നിന്ന് വിവരങ്ങൾ പാകിസ്താൻ ചോർത്തിയത് എന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
DRDO Director Pradeep Kurulkar was arrested by ATS over accusations of espionage, He was booked by ATS over a complaint filed by DRDO for allegedly sharing sensitive info to a Woman (Pakistani intelligence operative) through WhatsApp, voice messages & video calls. pic.twitter.com/iMTxlw25NW
— Mohammed Zubair (@zoo_bear) May 7, 2023