പ്രണയപൂര്‍വം ബേബി എന്നു വിളി, സാറ ദാസ്ഗുപ്ത, ജൂഹി അറോറ എന്നീ പേരുകൾ; പ്രദീപ് കുരുൽക്കർ പാക് വലയിൽ വീണ വഴി

മഹാരാഷ്ട്ര എടിഎസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സ്ഫോടനാത്മകമായ വിവരങ്ങള്‍

Update: 2023-07-08 07:26 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ പദ്ധതികളെ കുറിച്ച് പാക് ഇന്റലിജൻസ് ഓപറേറ്റീവിന് വിവരങ്ങൾ കൈമാറിയ ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കറിനെതിരെ സമർപ്പിച്ച കുറ്റപത്രത്തിൽ സ്‌ഫോടനാത്മകമായ വിവരങ്ങൾ. ചാരവൃത്തി നടത്തിയ 'വനിത'കളുമായി കൂടുതൽ ദൃഢമായ ബന്ധം സ്ഥാപിക്കാൻ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ വരെ കുരുൽക്കർ കൈമാറിയതായി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. പ്രത്യേക കോടതിയിൽ ജൂൺ 30ന് സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു.

പൂനെയിൽനിന്നുള്ള 60കാരനായ ശാസ്ത്രജ്ഞനെ മെയ് മൂന്നിനാണ് ചാരവൃത്തി ആരോപിച്ച് മഹാരാഷ്ട്ര എടിഎസ് അറസ്റ്റു ചെയ്തത്. ഇന്ത്യയുടെ മിസൈൽ, ഡ്രോൺ, റോബോട്ടിക് പദ്ധതികളെ കുറിച്ച് പാക് വനിതാ ഇന്റലിജൻസ് ഉദ്യോസ്ഥയ്ക്ക് വിവരങ്ങൾ കൈമാറി എന്നതായിരുന്നു കുറ്റം. 

വാട്സ് ആപ്, വോയ്സ് കാള്‍, വീഡിയോ കോള്‍ എന്നിവ വഴിയാണ് ഇരുവരും ബന്ധപ്പെട്ടിരുന്നത്. അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ചാണ് പാക് ഏജന്‍റ് ശാസ്ത്രജ്ഞനുമായി അടുപ്പമുണ്ടാക്കിയത് എന്ന് കുറ്റപത്രം പറയുന്നു. 

സാറ ദാസ്ഗുപ്തയും ജൂഹി അറോറയും

കുരുൽക്കറുമായി ബന്ധം സ്ഥാപിക്കാൻ വിവിധ വ്യാജ അക്കൗണ്ടുകളാണ് പാക് ഇന്റലിജൻസ് ഉപയോഗിച്ചത്. സാറ ദാസ്ഗുപ്ത, ജൂഹി അറോറ എന്നീ പേരുകളാണ് അതിൽ പ്രധാനപ്പെട്ടത്. ഒരേ വ്യക്തി രണ്ട് വ്യത്യസ്തമായ ഫോൺ നമ്പറിൽനിന്ന് ഉണ്ടാക്കിയ അക്കൗണ്ടുകളാണിത്. രണ്ട് നമ്പറുകളും +44 ലണ്ടൻ കോഡിലാണ് ആരംഭിക്കുന്നത്. മെസ്സേജിങ് ആപ് വഴി 'ഇരുവരും' വിവരങ്ങൾ ചോർത്തുകയായിരുന്നു.

ഡിആർഡിഒയുടെ പണിപ്പുരയിലുള്ള മെറ്റിയോർ, ബ്രഹ്‌മോസ്, ആകാഷ്, അസ്ത്ര മിസൈൽ സംവിധാനങ്ങളെ കുറിച്ചും റഫാലിനെ കുറിച്ചും സാറ ദാസ്ഗുപ്തയോട് കുരുൽക്കർ സംസാരിക്കുന്നുണ്ട്. അഗ്നി 6 മിസൈൽ വിക്ഷേപിണിയെ കുറിച്ചും വിവരങ്ങൾ കൈമാറി.

മർമ പ്രധാനവും അതീവ രഹസ്യവുമായ സുരക്ഷാ വിവരങ്ങൾ പ്രണയാർദ്രമായി ബേബ് എന്നു വിളിച്ചാണ് കുരുൽക്കർ പങ്കുവച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സാറയിൽ മതിപ്പുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി ഡിആർഡിഒയുടെ അൺമാൻഡ് കോംബാറ്റ് ഏരിയൽ വെഹിക്കിൾ, ഭാരത് ക്വാഡ് കോപ്റ്റർ, ഇടത്തരം അൺമാൻഡ് ആകാശയാനമായ റുസ്തം എന്നിവയുടെ വിവരങ്ങളാണ് കൈമാറിയത്.

'അതെന്റെ ഡിസൈനായിരുന്നു ബേബി'

സ്വന്തം ജോലിയെ കുറിച്ച് കുരുൽക്കർ നടത്തിയ ആത്മപ്രശംസയെ കുറിച്ചും 1837 പേജ് വരുന്ന കുറ്റപത്രം പറയുന്നുണ്ട്. അഗ്നി 6 വിക്ഷേപിണിയുടെ പരീക്ഷണത്തെ കുറിച്ച് സാറ ചോദിച്ച വേളയിലാണ് കുരുൽക്കർ സ്വന്തത്തെ കുറിച്ച് വാചാലനായത്. 'ബേബി, വിക്ഷേപിണി എന്റെ ഡിസൈനായിരുന്നു. അത് വലിയ വിജയമായി' എന്നാണ് അദ്ദേഹം സന്ദേശമയച്ചത്. 2022 സെപ്തംബറിനും 2023 ഫെബ്രുവരിക്കും ഇടയിലായിരുന്നു ഇതുമായി ബന്ധപ്പെട്ട ചാറ്റുകൾ. ഇതിനു പിന്നാലെയാണ് കുരുൽക്കർ അറസ്റ്റിലായത്.

വിവരങ്ങൾ അപ്പപ്പോൾ ലഭിക്കാനായി പാക് ഉദ്യോഗസ്ഥ നിരന്തരം സമ്മർദം ചെലുത്തിയിരുന്നതായും കുറ്റപത്രത്തിലുണ്ട്. 'അഗ്നി 6 ന്റെ കാര്യത്തിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിൽ അറിയിക്കണേ. അതിന്റെ പരീക്ഷണം എപ്പോഴാണ്' എന്ന് ഒരു ഘട്ടത്തിൽ ഇവർ ചോദിക്കുന്നുണ്ട്. 'കരേംഗെ, തോഡാ ധീരജ് രഘോ (ചെയ്യും. കുറച്ച് ക്ഷമ കാണിക്കൂ) എന്ന് കുരുൽക്കർ  മറുപടി നൽകുകയും ചെയ്തു.

കുരുൽക്കറുമായി 26sweetpanda@gmail.com, common158@gmail.com, dreamgirl156@gmail.com എന്നീ മൂന്ന് ഇ-മെയിൽ ഐഡികളാണ് പാക് ഉദ്യോഗസ്ഥ പങ്കുവച്ചത്. വിശ്വാസം നേടാനായി ഈ  മെയിലുകളുടെ പാസ്‌വേഡുകളും അവർ കൈമാറിയിരുന്നു. കുരുൽക്കർ ഡൗൺലോഡ് ചെയ്ത രണ്ട് ആപ്പുകൾ താനും ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു. ഇതുവഴിയും ചാരവൃത്തി നടന്നിട്ടുണ്ടാകാം എന്ന് എടിഎസ് പറയുന്നു. കുരുൽക്കറുടെ ഫോണിൽ ഡിആർഡിഎ ഒരു മാൽവെയർ കണ്ടെത്തുകയും ഇക്കാര്യം എടിഎസിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇമെയിൽ ഐഡികളെല്ലാം പാക് ടെലികോം കമ്യൂണിക്കേഷൻ ലിമിറ്റഡുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തിയതായും കുറ്റപത്രത്തിലുണ്ട്.

മെയ് മൂന്നിന് എടിഎസ് അറസ്റ്റു ചെയ്ത കുരുൽക്കർ പൂനെ യെർവാഡ ജയിലിലാണ്. അന്വേഷണത്തിന്റെ ഭാഗമായി 203 സാക്ഷികളെയാണ് എടിഎസ് വിസ്തരിച്ചത്. 





Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News