പ്രണയാഭ്യർത്ഥന നിരസിച്ചതിന് തീകൊളുത്തി കൊന്നു; പെൺകുട്ടിയുടെ സംസ്കാര ചടങ്ങിനിടെ വൻ പ്രതിഷേധം

"ആദിവാസികൾക്കിടയിലും ലൗ ജിഹാദ് കേസുകളുണ്ട്. ബംഗ്ലാദേശിൽ നിന്നുള്ള ആളുകൾ അവിടെ പ്രവേശിച്ച് നിരപരാധികളായ ആദിവാസി പെൺകുട്ടികളെ വിവാഹം കഴിക്കുകയും അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്യുന്നു";രഘുബർ ദാസ്

Update: 2022-08-29 12:45 GMT
Editor : banuisahak | By : Web Desk
Advertising

റാഞ്ചി: ജാർഖണ്ഡിലെ ദുംകയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പകയിൽ യുവാവ് തീകൊളുത്തി കൊന്ന 19കാരിയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ആംബുലൻസിൽ മൃതദേഹം എത്തിച്ചത് മുതൽ പ്രദേശത്ത് വൻ സംഘർഷാവസ്ഥയാണ് നിലനിന്നിരുന്നത്. പ്രതിഷേധവുമായി നിരവധിയാളുകൾ തടിച്ചുകൂടി. 

ആഗസ്ത് 23നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി ഷാരൂഖ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയുടെ ദേഹത്തേക്ക് ജനലിലൂടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ആക്രമണത്തിൽ 90 ശതമാനം പൊള്ളലേറ്റ പെൺകുട്ടി കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. പ്രതി നിരന്തരം ശല്യം ചെയ്തിരുന്നതായി പെൺകുട്ടി പൊലീസിന് മരണമൊഴി നൽകി. 

പ്രതി ഷാരൂഖിനെ ആഗസ്ത് 23ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ പ്രതിഷേധം കാണാത്തതിനാൽ ദുംകയിൽ 144 ഏർപ്പെടുത്തിയിരിക്കുകയാണ്. അതിനാൽ നാലോ അതിലധികമോ ആളുകൾ പ്രദേശത്ത് ഒത്തുകൂടാൻ പാടുള്ളതല്ലെന്ന് പൊലീസ് അറിയിച്ചു. 'അതിവേഗ വിചാരണക്കായി ഞങ്ങൾ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ അപേക്ഷിക്കും. ആളുകൾ ഞങ്ങളോട് സഹകരിക്കുന്നുണ്ട്. സമാധാനം നിലനിർത്താൻ ഞങ്ങൾ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്'; ദുംക എസ്പി അംബർ ലക്ഡ പറഞ്ഞു. ഷാരൂഖിന്റെ സഹായിയായ ചോട്ടു ഖാൻ എന്ന നയീമിനെ വിശദമായി ചോദ്യം ചെയ്‌ത്‌ വരികയാണ്. പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേസമയം, ജാർഖണ്ഡിൽ ഇത്തരമൊരു സംഭവം നടന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്നാണ് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി രഘുബർ ദാസിന്റെ പ്രതികരണം. ഹേമന്ത് സോറൻ മുഖ്യമന്ത്രിയായതിന് ശേഷം സ്ത്രീകൾക്കെതിരെ ആയിരക്കണക്കിന് കുറ്റകൃത്യങ്ങളാണ് ജാർഖണ്ഡിൽ നടന്നത്. ആദിവാസികൾക്കിടയിലും ലൗ ജിഹാദ് കേസുകളുണ്ട്. ബംഗ്ലാദേശിൽ നിന്നുള്ള ആളുകൾ അവിടെ പ്രവേശിച്ച് നിരപരാധികളായ ആദിവാസി പെൺകുട്ടികളെ വിവാഹം കഴിക്കുകയും അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്യുന്നുവെന്നും രഘുബർ ദാസ് കൂട്ടിച്ചേർത്തു. 

ദുംകയിൽ നിന്നുള്ള ബിജെപി എംപി സുനിൽ സോറൻ, ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണർ കർണ സത്യാർത്ഥി, ഡിഎസ്പി വിജയ് കുമാർ, വിവിധ ഹൈന്ദവ സംഘടനകളുടെ നിരവധി അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരും പ്രവർത്തകരും കൊല്ലപ്പെട്ട അങ്കിത സിംഗിന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. 

ഇതിനിടെ പ്രതി ഷാരൂഖിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പൊലീസ് വാഹനത്തിലേക്ക് കൊണ്ടുപോകും വഴി പുഞ്ചിരിക്കുന്ന പ്രതിയാണ് വീഡിയോയിലുള്ളത്. നിരവധി ആളുകളാണ് പ്രതികരണവുമായി എത്തിയത്. തെല്ലും കുറ്റബോധമില്ലാതെയാണ് ഷാരൂഖ് പോകുന്നതെന്നും വധശിക്ഷ ഉറപ്പാക്കണമെന്നുമായിരുന്നു ആളുകളുടെ ആവശ്യം. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News