ഇ.ഡി ഡയറക്ടർ എസ്.കെ മിശ്ര സ്ഥാനമൊഴിയണം; കാലാവധി നീട്ടിയത് സുപ്രിംകോടതി റദ്ദാക്കി
മൂന്നാമത്തെ കാലാവധി നീട്ടൽ നിയമവിരുദ്ധമാണെന്നും ഇത് 2021 ലെ ഉത്തരവിനെ വെല്ലുവിളിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു
ന്യൂഡല്‍ഹി: ഇ.ഡി ഡയറക്ടർ പദവിയിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി. എസ്.കെ മിശ്രയുടെ കാലാവധി നീട്ടിയ കേന്ദ്രസർക്കാർ നടപടി സുപ്രീകോടതി റദ്ദാക്കി. മൂന്നാം തവണയും കാലാവധി നീട്ടിയത് നിയമവിരുദ്ധമെന്ന് കോടതി. എസ്.കെ മിശ്ര 31 നകം പദവി ഒഴിയണമെന്നും കോടതി. 2018ലാണ് എസ്.കെ മിശ്രയെ ഇ.ഡി ഡയറക്ടറായി നിയമിച്ചത്. അതിന് ശേഷം പദവി രണ്ട് വർഷത്തേക്ക് അല്ലെങ്കിൽ 60 വയസ് എത്തുമ്പോഴെന്നായിരുന്നു. പിന്നീട് രണ്ട് വർഷം പൂർത്തിയായപ്പോൾ 2020 നവംബറിൽ അദ്ദേഹത്തിന് വീണ്ടും കാലാവധി നീട്ടി നൽകി. ഇതിനെ ചോദ്യം ചെയ്താണ് അഡ്വ. പ്രശാന്ത് ഭൂഷണിന്റെ നേതൃത്വത്തിലുള്ള
കോമൺ കോസ് എന്ന സംഘടന സുപ്രിം കോടതിയിലെത്തിയത്. ആ സമയത്ത് തന്നെ ഇനിയൊരു തവണകൂടി കാലാവധി നീട്ടി നൽകരുതെന്ന് പറഞ്ഞാണ് കേസ് അവസാനിപ്പിച്ചത്. എന്നാൽ പിന്നീട് പ്രത്യേക ഓർഡിനൻസ് പാസാക്കി ഇ.ഡി ഡയറക്ടറുടേയും സി.ബി.ഐ ഡയറക്ടറുടേയും കാലാവധി അഞ്ച് വർഷത്തേക്ക് ദീർഘിപ്പിക്കുകകയും ചെയ്തു. ഇതോടുകൂടിയാണ് വീണ്ടും അധികാരത്തിൽ തുടരാൻ എസ്.കെ മിശ്രക്ക് അവസരമൊരുങ്ങുകയായിരുന്നു.
ഇതിനെ ചോദ്യം ചെയ്താണ് കോമൺ കോസ് വീണ്ടും സുപ്രിം കോടതിയെ സമീപിച്ചത്. പല തവണ കേസ് മാറ്റിവെച്ചെങ്കിലും ഒടുവിൽ കേസിൽ സുപ്രിം കോടതി വിധി പറയുകയായിരുന്നു. മൂന്നാമത്തെ കാലാവധി നീട്ടൽ നിയമവിരുദ്ധമാണെന്നും ഇത് 2021 ലെ ഉത്തരവിനെ വെല്ലുവിളിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ജൂലൈ 31 ന് എസ്.കെ മിശ്ര പദവി ഒഴിയണമെന്നും കോടതി ഉത്തരവിട്ടു.