ടിഎംസി നേതാവും പശ്ചിമ ബംഗാൾ മന്ത്രിയുമായ പാർഥ ചാറ്റർജിയുടെ വീട്ടിൽ ഇ.ഡി റെയ്ഡ്
സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലേക്ക് അധ്യാപക, അനധ്യാപക ജീവനക്കാരെ നിയമിച്ചതിൽ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് ജൂൺ 29ന് ഇ.ഡി പാർഥ ചാറ്റർജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മന്ത്രിയുമായ പാർഥ ചാറ്റർജിയുടെ വീട്ടിൽ ഇ.ഡി റെയ്ഡ്. സ്‌കൂൾ സർവീസ് കമ്മീഷൻ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നത്. സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലേക്ക് അധ്യാപക, അനധ്യാപക ജീവനക്കാരെ നിയമിച്ചതിൽ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് ജൂൺ 29ന് ഇ.ഡി പാർഥ ചാറ്റർജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. രണ്ട് എഫ്‌ഐആറുകളാണ് അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അധ്യാപക നിയമനത്തിൽ കോടികളുടെ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് സംശയിക്കുന്നത്. നിരവധി പ്രമുഖ വ്യക്തികൾക്ക് ഇതുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ടായിരുന്നു. പാർഥ ചാറ്റർജിയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ഒരു ഉന്നതതല മേൽനോട്ട കമ്മിറ്റിയിലാണ് തട്ടിപ്പിന്റെ വേരുകളുള്ളതെന്ന് കൊൽക്കത്ത ഹൈക്കോടതി പറഞ്ഞിരുന്നു. 2019 മുതൽ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് മേൽനോട്ടം വഹിക്കുന്ന ഈ കമ്മിറ്റി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കോടതിയിൽ സമർപ്പിച്ചത്. അധ്യാപക നിയമനത്തിലെ നടപടിക്രമങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
മെയ് 18, 25 തിയ്യതികളിൽ പാർഥ ചാറ്റർജി ചോദ്യം ചെയ്യലിനായി സിബിഐ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായിരുന്നു. എസ്എസ്‌സി ഉപദേശ സമിതിയുടെ രൂപീകരണത്തിന് പിന്നിലെ കാരണത്തെക്കുറിച്ചും അതിന്റെ നിയന്ത്രണം ആർക്കാണെന്നും അടക്കമുള്ള ചോദ്യങ്ങൾ അദ്ദേഹത്തോട് ചോദിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ കമ്മിറ്റി രൂപീകരിച്ചെങ്കിലും തനിക്ക് അതിൻമേൽ നിയന്ത്രണമില്ലെന്നാണ് അദ്ദേഹം ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്.