മന്ത്രിയുടെ വിജയാഘോഷയാത്രക്ക് വാഹനം തടഞ്ഞു; പിഞ്ചുകുഞ്ഞ് ചികിത്സകിട്ടാതെ മരിച്ചു

ആന്ധ്രാപ്രദേശിലെ അനന്ദ്പൂർ ജില്ലയിലെ കല്യാൺദുർഗിലാണ് സംഭവം. ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ഉഷ ശ്രീചരണിന്റെ വിജയാഘോഷ യാത്ര കടന്നുപോവാനായി പൊലീസ് വാഹനം തടഞ്ഞുനിർത്തുകയായിരുന്നു.

Update: 2022-04-17 09:43 GMT
Advertising

അമരാവതി: മന്ത്രിയുടെ വിജയാഘോഷയാത്രക്കായി വാഹനങ്ങൾ തടഞ്ഞതിനെ തുടർന്ന് ഗതാഗതക്കുരുക്കിൽപ്പെട്ട് എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. ആന്ധ്രാപ്രദേശിലെ അനന്ദ്പൂർ ജില്ലയിലെ കല്യാൺദുർഗിലാണ് സംഭവം. ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ഉഷ ശ്രീചരണിന്റെ വിജയാഘോഷ യാത്ര കടന്നുപോവാനായി പൊലീസ് വാഹനം തടഞ്ഞുനിർത്തുകയായിരുന്നു. ചികിത്സ ലഭിക്കാൻ വൈകിയതാണ് കുട്ടി മരിക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് വെള്ളിയാഴ്ച വൈകീട്ട് മാതാപിതാക്കളായ ഗണേഷും ഈശ്വരമ്മയും കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആദ്യം ആംബുലൻസ് വിളിച്ചിരുന്നെങ്കിലും മന്ത്രിയുടെ ഘോഷയാത്രയുള്ളതിനാൽ ആംബുലൻസ് എത്തിയില്ല. തുടർന്ന് ഓട്ടോയിൽ പോവാൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടയിലാണ് പൊലീസ് വാഹനം തടഞ്ഞിട്ടത്. ഒടുവിൽ ഇരുചക്രവാഹനത്തിൽ കുഞ്ഞിനെ കല്യാൺദുർഗിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മന്ത്രിയുടെ ഘോഷയാത്രമൂലം ആശുപത്രിയിലെത്തിക്കാൻ വൈകിയതാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് വെള്ളിയാഴ്ച വൈകീട്ട് കല്യാൺദുർഗിലെ അംബേദ്കർ പ്രതിമക്ക് സമീപം കൈക്കുഞ്ഞിന്റെ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചു. ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന ജാഥയെ പൊലീസ് സഹായിച്ചെന്ന് ടിഡിപി നേതാവും മുൻ മന്ത്രിയുമായ കലവ ശ്രീനിവാസുലു ആരോപിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News