'വേഗം ടിക്കറ്റ് താ, എനിക്ക് സൗജന്യമായി യാത്ര ചെയ്യേണ്ട': കണ്ടക്ടറോട് വഴക്കിട്ട് വയോധിക
'എനിക്ക് ഓസിയടിക്കേണ്ട' എന്നാണ് വൃദ്ധ പറഞ്ഞത്
തമിഴ്നാട്ടില്‍ ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് ടിക്കറ്റ് എടുക്കാതെ സൗജന്യമായി യാത്ര ചെയ്യാം. എന്നാല്‍ ആ സൗജന്യം വേണ്ടെന്ന് പറഞ്ഞ് ടിക്കറ്റ് നല്‍കണമെന്ന് വാശി പിടിക്കുകയാണ് ഒരു വയോധിക. കോയമ്പത്തൂരില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
മധുകരൈയ്ക്കും പാലത്തുറയ്ക്കും ഇടയിൽ ഓടുന്ന സർക്കാർ ബസിലാണ് സംഭവം. പ്രായമായ സ്ത്രീ കണ്ടക്ടറുമായി വഴക്കിടുന്നതാണ് ദൃശ്യത്തിലുള്ളത്. കണ്ടക്ടർ പുരുഷന്മാരായ യാത്രക്കാരോട് പണം വാങ്ങി ടിക്കറ്റ് നല്‍കുകയായിരുന്നു. ഇതിനിടെയാണ് വൃദ്ധ കണ്ടക്ടറുടെ സമീപം ചെന്ന് ടിക്കറ്റ് ആവശ്യപ്പെട്ടത്. ടിക്കറ്റ് എടുക്കേണ്ടതില്ലെന്ന് കണ്ടക്ടര്‍ വൃദ്ധയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു, പലതവണ. എന്നാല്‍ പണം നീട്ടി ടിക്കറ്റ് നല്‍കണമെന്ന് വൃദ്ധ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു.
'എനിക്ക് ഓസിയടിക്കേണ്ട' എന്നാണ് വൃദ്ധ പറഞ്ഞത്. ഒടുവിൽ വേറെ വഴിയില്ലാതെ കണ്ടക്ടര്‍ 15 രൂപ വാങ്ങി വൃദ്ധയ്ക്ക് ടിക്കറ്റ് നൽകി. ഒരു യാത്രക്കാരൻ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ വൈകാതെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനം പാലിച്ചാണ് തമിഴ്നാട്ടിലെ ഡി.എം.കെ സര്‍ക്കാര്‍ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചത്.