പുതിയ പ്രസിഡന്റ് അടുത്ത ഓഗസ്റ്റിൽ; നേതാക്കൾക്കും പ്രവർത്തകർക്കും പരിശീലന പരിപാടിയുമായി കോൺഗ്രസ്

നേരത്തെ വർക്കിങ് കമ്മിറ്റി യോഗത്തിൽ ജി-23 നേതാക്കളുടെ വിമർശനങ്ങൾക്കെതിരെ ശക്തമായ ഭാഷയിലാണ് സോണിയാ ഗാന്ധി പ്രതികരിച്ചത്. പാർട്ടി അച്ചടക്കം പ്രധാനമാണെന്നും പറയാനുള്ളത് നേരിട്ട് പറയണമെന്നും സോണിയ നേതാക്കളെ ഓർമിപ്പിച്ചു.

Update: 2021-10-16 16:52 GMT
Advertising

പുതിയ കോൺഗ്രസ് പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് അടുത്ത വർഷം ഓഗസ്റ്റ് 21നും സെപ്റ്റംബർ 20നും ഇടയിൽ നടക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമകാലിക രാഷ്ട്രീയം സാഹചര്യങ്ങൾ, പണപ്പെരുപ്പം, കർഷകർ നേരിടുന്ന ദുരിതം എന്നീ വിഷയങ്ങളിൽ മൂന്ന് പ്രമേയങ്ങൾ യോഗം അംഗീകരിച്ചതായും വേണുഗോപാൽ പറഞ്ഞു.

താഴേത്തട്ട് മുതൽ നേതാക്കൾക്കും പ്രവർത്തകർക്കും പരിശീലന പരിപാടി സംഘടിപ്പിക്കും. പാർട്ടി തത്വശാസ്ത്രം, പാർട്ടി നയങ്ങൾ, കോൺഗ്രസ് പ്രവർത്തകരുടെ പ്രതീക്ഷകൾ, താഴേത്തട്ട് വരെയുള്ള ആശയവിനിമയം, തെരഞ്ഞെടുപ്പ് നേരിടേണ്ട രീതി, നിലവിലെ സർക്കാരിനെതിരായ പ്രചാരണ പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം പരിശീലനം നൽകും.

നേരത്തെ വർക്കിങ് കമ്മിറ്റി യോഗത്തിൽ ജി-23 നേതാക്കളുടെ വിമർശനങ്ങൾക്കെതിരെ ശക്തമായ ഭാഷയിലാണ് സോണിയാ ഗാന്ധി പ്രതികരിച്ചത്. 'സംഘടന മുഴുവൻ പുനരുജ്ജീവനം ആവശ്യപ്പെടുന്നുണ്ട്. അതിന് ഐക്യം വേണം. പാർട്ടിയുടെ താത്പര്യങ്ങളാണ് പ്രധാനം. എല്ലാറ്റിനുമപ്പുറം സ്വയം നിയന്ത്രണവും അച്ചടക്കവും ആവശ്യമാണ്. ഇടക്കാല അധ്യക്ഷയാണ് ഞാൻ എന്നതിൽ നല്ല ബോധ്യമുണ്ട്. 2021 ജൂൺ 30ന് മുമ്പ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള റോഡ്മാപ്പ് ആയതായിരുന്നു. എന്നാൽ കോവിഡിന്റെ രണ്ടാം തരംഗം മൂലം അതിനായില്ല. ഒരുകാര്യം വിശദമാക്കാൻ ആഗ്രഹിക്കുന്നു. സമ്പൂർണ സംഘടനാ തെരഞ്ഞെടുപ്പു വരും.' - അവർ വ്യക്തമാക്കി.

'നിങ്ങൾ അനുവദിക്കുമെങ്കിൽ എന്നെ സ്വയം മുഴുസമയ പാർട്ടി പ്രസിഡണ്ട് എന്നു വിളിച്ചോട്ടെ. രണ്ടു വർഷമായി നിരവധി യുവാക്കൾ നേതൃത്വത്തിലേക്ക് വന്നിട്ടുണ്ട്. കർഷക പ്രതിഷേധമായാലും മഹാമാരിയിലെ സഹായങ്ങൾ ആയാലും യുവാക്കൾ മുമ്പന്തിയിലുണ്ടായിരുന്നു. സ്ത്രീകൾക്കും ദളിതർക്കും ആദിവാസികൾക്കും ന്യൂനപക്ഷങ്ങൾക്കും എതിരെയുള്ള അതിക്രമങ്ങളിൽ അവർ ശബ്ദമുയർത്തി. പൊതുജന താത്പര്യമുള്ള ഒരു വിഷയവും പരിഗണിക്കപ്പെടാതെ പോകരുത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങുമായും രാഹുൽ ഗാന്ധിയുമായും ഞാൻ ഇക്കാര്യങ്ങൾ എല്ലായ്പ്പോഴും ചർച്ച ചെയ്തിരുന്നു. സമാന ചിന്താഗതിയുള്ള രാഷ്ട്രീയപ്പാർട്ടികളുമായും ആശയവിനിമയം നടത്തുന്നു.' - സോണിയ കൂട്ടിച്ചേർത്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News