ആം ആദ്മിയെ കൂട്ടുപിടിച്ച് കോൺഗ്രസ്; ഹരിയാനയിൽ പുതിയ തന്ത്രവുമായി ബി.ജെ.പി

നിരവധി കാരണങ്ങളാൽ സമവാക്യങ്ങൾ മൊത്തം മാറിയ അവസ്ഥയിലാണ് ഹരിയാന

Update: 2024-03-19 15:22 GMT
Advertising

പത്തിൽ പത്തും ബി.ജെ.പി. അതായിരുന്നു 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ സംഭവിച്ചത്. മാസങ്ങൾക്കുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും 40 സീറ്റുമായി ബി.​ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി. തുടർന്ന്, 10 സീറ്റുള്ള ജെ.ജെ.പിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുകയും ചെയ്തു.

എന്നാൽ, അഞ്ച് വർഷം കഴിഞ്ഞ് ലോക്സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ സ്ഥിതി ഏറെ വ്യത്യസ്തമാണ്. മിനിമം താങ്ങുവില ആവശ്യപ്പെട്ടുള്ള കർഷക പ്രക്ഷോഭം. വിവിധ കാരണങ്ങളാൽ ബി.ജെ.പിയുമായി ഉടക്കിപ്പിരിഞ്ഞ ജെ.ജെ.പി. ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന്‍റെ അലയൊലികൾ​. കോൺഗ്രസിലേക്ക് ചേക്കേറിയ ബി.ജെ.പി എം.പി. അങ്ങനെ നിരവധി കാരണങ്ങളാൽ സമവാക്യങ്ങൾ മൊത്തം മാറിയ അവസ്ഥയിലാണ് ഹരിയാന.

ഇതിനാൽ തന്നെ തന്ത്രം മാറ്റിപ്പിടിച്ചിരിക്കുകയാണ് ബി.ജെ.പി. കർഷകരായ ജാട്ട് സമുദായത്തെ മാറ്റിനിർത്തി, മറ്റു വിഭാഗങ്ങളെ ഒന്നിപ്പിച്ചുനിർത്തി ലക്ഷ്യം നേടുകയെന്ന തന്ത്രമാണ് ബി.ജെ.പി പയറ്റുന്നത്. ഇതിന്റെ പ്രധാന തെളിവാണ് ഒ.ബി.സി നേതാവായ നയാബ് സിങ് സൈനിയെ ഹരിയാന മുഖ്യമന്ത്രിയായി കഴിഞ്ഞയാഴ്ച തെരഞ്ഞെടുത്തത്.ഇൻഡ്യ മുന്നണിയുടെ ബാനറിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും ചേർന്നാണ് ബി.ജെ.പിയെ നേരിടുന്നത്. ഒമ്പത് സീറ്റിൽ കോൺഗ്രസും ഒരിടത്ത് ആപ്പും മത്സരിക്കും. അഭയ് സിങ് ചൗതാലയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷനൽ ലോക് ദൾ പാർട്ടിയും പത്ത് സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

കണക്കിൽ മുന്നിൽ ബി.ജെ.പി

കഴിഞ്ഞയാഴ്ചയാണ് ഹരിയാനയിൽ ബി.ജെ.പി സർക്കാറിനുള്ള പിന്തുണ ജനനായക് ജനത പാർട്ടി (ജെ.ജെ.പി) പിൻവലിച്ചത്. ഇതോടെ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ തൽസ്ഥാനം രാജിവെച്ചു. എന്നാൽ, സൈനിയെ മുഖ്യമന്ത്രിയാക്കി ബി.ജെ.പി വിശ്വാസ വോട്ട് തേടുകയും അഞ്ച് ജെ.ജെ.പി അംഗങ്ങൾ വിപ്പ് ലംഘിച്ച് ബി.ജെ.പിയെ പിന്തുണക്കുകയും ചെയ്തു. ​

രാജിവെച്ച മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കർണാലിൽനിന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്നുണ്ട്. ആറ് മണ്ഡലങ്ങളി​ലെ സ്ഥാനാർഥികളെ ബി.ജെ.പി ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ബാന്റോ കതാരിയ - അംബാല, അശോക് തൻവാർ - സിർസ, ചൗധരി ധരംഭിർ സിങ് - ഭിവാനി മഹേന്ദ്രഗഡ്, റാവു ഇന്ദർജിത് സിംഗ് യാദവ് - ഗുഡ്ഗാവ്, കൃഷൻ പാൽ ഗുർജാർ - ഫരീദാബാദ് എന്നിവരാണ് മറ്റു മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാർഥികൾ.

ബി.ജെ.പി - ജെ.ജെ.പി പടലപ്പിണക്കം

90 അംഗ ഹരിയാന നിയമസഭയിൽ 41 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. കേവലഭൂരിപക്ഷത്തിന് 46 എം.എൽ.എമാരുടെ പിന്തുണയാണ് വേണ്ടത്. പത്ത് എം.എൽ.എമാരുള്ള ജെ.ജെ.പിയുടെ പിന്തുണയിലാണ് ബി.ജെ.പി നാലര വർഷം ഭരിച്ചത്. ജെ.ജെ.പി അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാലയെ ഉപമുഖ്യമന്ത്രിയും രണ്ടുപേരെ മന്ത്രിയുമാക്കുകയും ചെയ്തിരുന്നു. കോൺഗ്രസിന് 30 സീറ്റാണ് ഹരിയാനയിലുള്ളത്.

ലോക്സഭാ സീറ്റിനെ ചൊല്ലി ബി.ജെ.പിയും ജെ.ജെ.പിയും തമ്മിൽ തർക്കം രൂക്ഷമായതോടെയായിരുന്നു ഖട്ടറിൻറെ രാജി. രണ്ട് സീറ്റ് വേണമെന്നായിരുന്നു ജെ.ജെ.പിയുടെ ആവശ്യം. ഇത് ബി.ജെ.പി തള്ളി. ഹിസാർ, ഭിവാനി-മഹേന്ദ്രഗഡ് ലോക്‌സഭാ മണ്ഡലങ്ങൾ തങ്ങൾക്ക് വേണമെന്നാണ് ജെ.ജെ.പിയുടെ ആവശ്യം. എന്നാൽ, സിറ്റിങ് സീറ്റുകൾ വിട്ടുതരില്ലെന്ന് ബി.ജെ.പി വ്യക്തമാക്കിയതോടെ ഒറ്റക്ക് മത്സരിക്കുമെന്ന് ജെ.ജെ.പി പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ ഏഴു മണ്ഡലങ്ങളിൽ മത്സരിച്ച അവർ 4.9 ശതമാനം വോട്ട് നേടിയിരുന്നു.ഖട്ടറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി കുരുക്ഷേത്രയില്‍ നിന്നുള്ള എം.പിയും ഒ.ബി.സി നേതാവുമായ നായബ് സിങ് പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സെയ്നിക്ക് പുറമെ ബി.ജെ.പി നേതാക്കളായ കൻവർ പാൽ, മൂൽ ചന്ദ് ശർമ, ജയ് പ്രകാശ് ദലാൽ, ബൻവാരി ലാൽ, സ്വതന്ത്ര എം.എൽ.എ രഞ്ജിത് സിങ് ചൗട്ടാല എന്നിവരും പുതിയ മന്ത്രിസഭയിൽ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

ഒമ്പതര വർഷമായി അധികാരത്തിൽ തുടരുന്ന മനോഹർ ലാൽ ഖട്ടർ സർക്കാറിനെതിരെ വലിയ രീതിയിലുള്ള ഭരണവിരുദ്ധ വികാരമുണ്ടായിരുന്നു. ഖട്ടറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയതിലൂടെ ഇതിന് പരിധിവരെ തടയിടാൻ സാധിച്ചുവെന്നാണ് ബി.ജെ.പി വിലയിരുത്തൽ.

ഇൻഡ്യ മുന്നണിയുടെ ​പ്രതീക്ഷകൾ

പത്തിൽ ഒമ്പത് ഇടങ്ങളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഒരു സീറ്റിൽ ആം ആദ്മി പാർട്ടി മത്സരിക്കും. കുരുക്ഷേത്രയിൽ ആപ്പ് സംസ്ഥാന പ്രസിഡന്റും മുൻ രാജ്യസഭാ എം.പിയുമായ സുഷീൽ ഗുപ്തയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചുകഴിഞ്ഞു. അതേസമയം, കോൺഗ്രസ് സ്ഥാനാർഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

കഴിഞ്ഞയാഴ്ചയാണ് ഹിസാറിൽനിന്നുള്ള ബി.ജെ.പി എം.പി ബ്രിജേന്ദ്ര സിങ് പാർട്ടിയിൽനിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചൗധരി ബീരേന്ദർ സിങ്ങിന്‍റെ മകനാണ് ബ്രിജേന്ദ്ര സിങ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹിസാറിൽനിന്ന് ഇദ്ദേഹം മത്സരിക്കാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചന നൽകുന്നു. സൈന്യത്തിൽ നടപ്പാക്കിയ അഗ്നിപഥ് പദ്ധതി, കർഷക സമരം, ബ്രിജ് ഭൂഷൺ എം.പിക്കെതിരായ ഗുസ്തി താരങ്ങളുടെ സമരം എന്നിവയെല്ലാം ഉയർത്തിക്കാട്ടിയായിരുന്നു ഇദ്ദേഹത്തിന്റെ രാജി.

തന്ത്രം മാറ്റിയ ബി.ജെ.പി

ഹരിയാനയിലെ പ്രബല വിഭാഗമാണ് ജാട്ട് സമുദായം. കർഷക സമൂഹമായ ഇവർ ജനസംഖ്യയുടെ 29 ​ശതമാനത്തോളം വരും. ഇവരുടെ വോട്ടുകൾ ഓരോ തെരഞ്ഞെടുപ്പിലും ഏറെ നിർണായകമാണ്. മിക്ക പാർട്ടികളും ഈ സമുദായത്തിൽനിന്നുള്ളവരെയാണ് സ്ഥാനാർഥികളാക്കാൻ മത്സരിക്കുന്നത്. അതേസമയം, ഒ.ബി.സിക്കാർ 40 ശതമാനമുണ്ട് സംസ്ഥാനത്ത്. ഇത് കൂടാതെ പട്ടികജാതിക്കാരും പ്രധാന വോട്ട് ബാങ്കാണ്.

ബി.ജെ.പി ജാട്ട് ഇതര സമുദായങ്ങളെയാണ് ഇത്തവണ കൂടുതലും ലക്ഷ്യമിടുന്നത്. നയാബ് സൈനിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ ഒ.ബി.സി വിഭാഗത്തിന് വലിയൊരു സന്ദേശമാണ് ബി.ജെ.പി നൽകിയിട്ടുള്ളത്. ജാട്ട് സമുദായത്തിനിടയിൽ കൂടുതൽ സ്വാധീനമുള്ള പാർട്ടിയാണ് ജെ.ജെ.പി. കൂടാതെ കോൺഗ്രസിനും ഇന്ത്യൻ നാഷനൽ ലോക് ദൾ പാർട്ടിക്കും വലിയ സ്വാധീനം ഇവർക്കിടയിലുണ്ട്.അതേസമയം, ഈ പാർട്ടികൾ ജാട്ട് സമുദായത്തിന്റെ വോട്ടിനായി പരസ്പരം പോരടിക്കുമ്പോൾ അതിന്റെ ഗുണം ബി.ജെ.പിക്കായിരിക്കും ലഭിക്കുക. ഇതിന്റെ ബലത്തിൽ ഇത്തവണയും പത്ത് സീറ്റുകളും ബി.ജെ.പി ​തന്നെ നേടുമെന്ന് പല അഭിപ്രായ സർവേകളും വ്യക്തമാക്കുന്നുണ്ട്.

മിനിമം താങ്ങുവില ആവശ്യപ്പെട്ടുള്ള കർഷക സമരം, ഗുസ്തി താരങ്ങളുടെ സമരം എന്നിവയെല്ലാം വലിയ രീതിയിൽ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ഇതിൽ പ്രതീക്ഷ നട്ടിരിക്കുകയാണ് കോൺഗ്രസും ആംആദ്മി പാർട്ടിയുമെല്ലാം

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - വി.കെ. ഷമീം

Senior Web Journalist

Similar News