ആം ആദ്മിയെ വിടാതെ ഇ.ഡി; എം.എല്‍.എ അമാനത്തുല്ല ഖാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് തേടി കോടതിയില്‍

ഓഖ്‌ല എംഎൽഎയുടെ മൂന്ന് കൂട്ടാളികളടക്കം നാല് പേർക്കെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു

Update: 2024-04-11 05:20 GMT
Editor : Jaisy Thomas | By : Web Desk

അമാനത്തുല്ല ഖാന്‍

Advertising

ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയെ വിടാതെ പിടികൂടിയിരിക്കുകയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ്. ഡൽഹി വഖഫ് ബോർഡിലെ നിയമനങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഖാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് തേടി ഇ.ഡി ബുധനാഴ്ച ഡല്‍ഹി കോടതിയെ സമീപിച്ചു. അപേക്ഷയെ പിന്തുണയ്ക്കുന്ന രേഖകൾ സമർപ്പിക്കാൻ അന്വേഷണ ഏജൻസി കുറച്ച് സമയം ആവശ്യപ്പെട്ടതിനാൽ ഏപ്രിൽ 18നാണ് വിഷയം കോടതി പരിഗണിക്കുക.

ഓഖ്‌ല എംഎൽഎയുടെ മൂന്ന് കൂട്ടാളികളടക്കം നാല് പേർക്കെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു.അതേസമയം, കേന്ദ്ര ഏജൻസിയുടെ സമൻസ് അനുസരിക്കാത്തതിന് വിചാരണ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി അപേക്ഷ സമർപ്പിച്ചതിനെത്തുടർന്ന് ഈ ആഴ്ച ആദ്യം ഡൽഹി കോടതി ഖാനോട് ഏപ്രിൽ 20 ന് ഹാജരാകാൻ സമൻസ് അയച്ചിട്ടുണ്ട്. ജനുവരി 23, ജനുവരി 31, ഫെബ്രുവരി 9, ഫെബ്രുവരി 19, ഫെബ്രുവരി 26, മാർച്ച് 4 തീയതികളിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഖാന് സമന്‍സ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല.

അതേസമയം തൊഴില്‍ മന്ത്രി രാജ് കുമാർ ആനന്ദിൻ്റെ രാജിയോടെ ഡൽഹി ഭരണ പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കും എന്നുള്ള അഭ്യൂഹങ്ങളും ഇതോടെ ശക്തമായി. രാജ് കുമാർ ആനന്ദിൻ്റെ രാജിക്ക് പിന്നാലെ കൂടുതൽ നേതാക്കൾ രാജിവെയ്ക്കുമോ എന്ന ആശങ്കയിലാണ് ആം ആദ്മി പാർട്ടി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News