'മോദിയുടെ രോമത്തിൽ പോലും തൊടാൻ ആർക്കും കഴിയില്ല'; ലാലു പ്രസാദിന് മറുപടിയുമായി സ്മൃതി ഇറാനി
ഇന്ത്യയിലെ 140 കോടി ജനങ്ങളും പ്രധാനമന്ത്രിയുടെ കുടുംബമാണെന്നും സ്മൃതി
നാഗ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുടുംബമില്ലെന്ന് പറഞ്ഞ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇന്ത്യയിലെ 140 കോടി ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുടുംബമാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. മോദിയെ പരിഹസിച്ച ലാലു പ്രസാദ് യാദവിനും 'ഇൻഡ്യ' മുന്നണിയിലെ അംഗങ്ങൾക്കും മോദിയുടെ രോമത്തിൽ പോലും തൊടാൻ ധൈര്യമുണ്ടാകില്ലെന്നും സ്മൃതി പറഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഭാരതീയ ജനതാ യുവമോർച്ച സംഘടിപ്പിച്ച 'നമോ യുവ മഹാ സമ്മേളന'ത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സ്മൃതി ഇറാനി.
'രാജ്യത്തിന്റെ പ്രധാന സേവകനായ മോദി ഇന്ത്യയെന്ന കുടുംബത്തിന് വേണ്ടി പ്രവർത്തിക്കുകയാണ്. 'ഇൻഡ്യ' സഖ്യത്തിലെ 'കാലിത്തീറ്റ കള്ളൻ' പറഞ്ഞു, മോദിക്ക് കുടുംബമില്ലെന്ന്. എന്നാൽ ഞാൻ അദ്ദേഹത്തോട് പറയുന്നു, ഞങ്ങൾ മോദിയുടെ കുടുംബമാണ്, ഇന്ത്യയിലെ 140 കോടി ജനങ്ങളും ആ കുടുംബത്തിലുണ്ട്. ഈ രാജ്യത്തെ യുവാക്കൾ മോദിയുടെ കുടുംബമാണ്. അദ്ദേഹത്തിന്റെ രോമത്തിൽ തൊടാൻ ആർക്കും കഴിയില്ല...' കേന്ദ്രമന്ത്രിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി തലവനുമായ തേജസ്വി യാദവിന്റെ 'ജൻവിശ്വാസ് യാത്ര'യിൽ ലാലു നടത്തിയ പരാമർശം വിവാദമായത്. മോദിക്ക് ഒരു കുഞ്ഞ് പോയിട്ട് കുടുംബം തന്നെ ഇല്ലെന്നായിരുന്നു ലാലുവിന്റെ വിമർശനം. മോദി യഥാർഥ ഹിന്ദുവല്ലെന്നും അമ്മ മരിച്ച ദിവസം അദ്ദേഹം തലമുടി കളഞ്ഞില്ലെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
തങ്ങളും മോദിയുടെ കുടുംബമാണെന്ന് രാജ്യമൊന്നടങ്കം ഒരേ ശബ്ദത്തിൽ പറയുന്നുവെന്നാണ് പ്രധാനമന്ത്രി ഇതിനെക്കുറിച്ച് പ്രതികരിച്ചത്. തെലങ്കാനയിലെ ആദിലാബാദിൽ നടന്ന പ്രസംഗത്തിലാണ് മോദി പ്രതികരിച്ചത്. നിങ്ങളെല്ലാവരും മോദിയാണെന്നും മോദി നിങ്ങളുടേതാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ അമിത് ഷാ, ജെ.പി നദ്ദ എന്നിവർ 'മോദി പരിവാർ' കാംപയിനിനു തുടക്കമിടുകയും ചെയ്തു.. കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, കിരൺ റിജിജു, ജ്യോതിരാദിത്യ സിന്ധ്യ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ ഉൾപ്പെടെയുള്ളവർ യൂസർനെയിമിൽ 'മോദി ക പരിവാർ' എന്നു ചേർത്ത് ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്.