വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണവും ഹെൽത്തിയല്ല!.; മുന്നറിയിപ്പുമായി ഐ.സി.എം.ആർ

കഴിഞ്ഞാഴ്ച പുറത്തുവിട്ട പതിനേഴിന മാർഗനിർദേശങ്ങളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്

Update: 2024-05-17 03:05 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണവും ആരോഗ്യകരമാണെന്നാണ് നമ്മളെല്ലാവരും കരുതുന്നത്. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് പലപ്പോഴും രോഗങ്ങൾ വിളിച്ചുവരുത്തുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും അനാരോഗ്യകരമാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്.

ഐ.സി.എം.ആർ അടുത്തിടെ പുറത്തിറക്കിയ പതിനേഴിന മാർഗനിർദേശത്തിലാണ് വീട്ടിലെ ഭക്ഷണത്തെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നത്. ഉയർന്ന അളവിൽ കൊഴുപ്പും പഞ്ചസാരയും ഉപ്പും ചേർത്ത് വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങൾ പല വിധ രോഗങ്ങളെയും വിളിച്ചുവരുത്തും. ഈ ചേരുവകൾ അമിതമായി ചേർക്കുന്നത് പലപ്പോഴും അമിതവണ്ണം പോലുള്ള രോഗാവസ്ഥയിലേക്ക് നയിക്കും.ഈ ഭക്ഷണങ്ങളിൽ പോഷകങ്ങളുടെ അളവ് വളരെ കുറവും കലോറിയുടെ അളവ് വളരെ കൂടുതലുമായിരിക്കും.

കൂടാതെ, ഭക്ഷണങ്ങളില്‍ അമിതമായ ഉപ്പ് ചേർക്കുന്നത് ഹൈപ്പർടെൻഷന്റെ സാധ്യത വർധിപ്പിക്കുകയും വൃക്കകളെയും പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. ഇത് പലവിധ രോഗങ്ങളെയും വിളിച്ചുവരുത്തുകയും ചെയ്യുമെന്നും ഐ.സി.എമ്മാർ മുന്നറിയിപ്പ് നൽകുന്നു.

അമിനോ ആസിഡുകൾ, ഫാറ്റി ആസിഡുകൾ, മൈക്രോ ന്യൂട്രിയന്റുകൾ എന്നിവ കുറവുള്ള ഭക്ഷണക്രമം അനീമിയ പോലുള്ള അവസ്ഥകളിലേക്ക് നയിക്കും. ഇത് ഓർമ്മയെയും പഠനശേഷിയെയും ദുർബലപ്പെടുത്തുകയും ചെയ്യും.ഒരുദിവസം കഴിക്കേണ്ട ഉപ്പിന്റെ പരമാവധി അളവ് അഞ്ചു ഗ്രാമിലും പഞ്ചസാരയുടെ അളവ് 25 ഗ്രാമിലും കൂടുതരുതെന്നും ഐ.സി.എം.ആർ മുന്നറിയിപ്പ് നൽകിയിരുന്നു.

 ചായ, കാപ്പി എന്നിവ ഉപയോഗിക്കുന്നതില്‍ മിതത്വം പാലിക്കണമെന്ന നിര്‍ദേശവും ഐ.സി.എം.ആര്‍ മുന്നോട്ട് വെച്ചിരുന്നു. കാപ്പിയിലും ചായയിലും അടങ്ങിയ കഫൈന്‍ കേന്ദ്ര നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുകയും ഇത് മാനസിക പിരിമുറുക്കത്തിലേക്ക് നയിക്കുമെന്നുമാണ് ഐസിഎംആര്‍ ഗവേഷകര്‍ പറയുന്നത്. ഭക്ഷണത്തിന് ചുരുങ്ങിയത് ഒരു മണിക്കൂര്‍ മുമ്പോ ശേഷമോ ചായയും കാപ്പിയും കഴിക്കരുതെന്നും നിര്‍ദേശമുണ്ട്. ഇവയില്‍ അടങ്ങിയ ടാന്നിന്‍ ശരീരത്തിനു വേണ്ട ഇരുമ്പ് ആഗിരണം കുറയ്ക്കും. ഇത് അയേണ്‍ കുറവിനും അനീമിയ പോലുള്ള മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും.

അമിതമായ കാപ്പി ഉപയോഗം ബ്ലഡ് പ്രഷര്‍ ഉയരുന്നതിനും ഹൃദയ സംബന്ധമായ പ്രശ്‌നത്തിന് ഇടയാക്കുമെന്നും വിദഗ്ധര്‍ പറയുന്നു. അതേസമയം, പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, മീനുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ധരുടെ ശിപാര്‍ശ.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News