ദലിതനായതിനാൽ ആർ.എസ്.എസ് ആസ്ഥാനത്തെ മ്യൂസിയത്തിൽ പ്രവേശനം നിഷേധിച്ചെന്ന് ബി.ജെ.പി മുൻ എം.എൽ.എ
ബി.ജെ.പി എം.എൽ.എ ആയിരുന്ന ഗൂളിഹട്ടി ശേഖർ ആണ് ആരോപണവുമായി രംഗത്തെത്തിയത്.
ബംഗളൂരു: ദലിതനായതിനാൽ നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്തെ ഹെഡ്‌ഗേവാർ മ്യൂസിയത്തിൽ പ്രവേശനം നിഷേധിച്ചെന്ന് ബി.ജെ.പി എം.എൽ.എ ഗൂളിഹട്ടി ശേഖർ. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മൂന്നു മാസം മുമ്പാണ് സംഭവം. മ്യൂസിയത്തിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി വ്യക്തിപരമായ വിവരങ്ങൾ രജിസ്റ്ററിൽ കുറിച്ചിരുന്നു. തുടർന്ന് ദലിതനായതിനാൽ പ്രവേശനം അനുവദിക്കില്ലെന്ന് സുരക്ഷാ ജീവനക്കാർ അറിയിച്ചെന്ന് ശേഖർ വെളിപ്പെടുത്തി. ആർ.എസ്.എസ് സ്ഥാപകനായ ഹെഡ്‌ഗേവാറിന്റെ വീടാണ് മ്യൂസിയമാക്കി മാറ്റിയത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ മോഹൻ വൈദ്യ, മഞ്ജു എന്നിവർക്ക് പ്രവേശനം നൽകി. ഇതിന് വിശദീകരണം നൽകാൻ ബി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷിനോട് ശേഖർ സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം ശേഖറിന്റെ ആരോപണം ആർ.എസ്.എസ് നിഷേധിച്ചു. മ്യൂസിയം സന്ദർശിക്കുന്നവരുടെ പേര് രജിസ്റ്ററിൽ രേഖപ്പെടുത്തുന്ന പതിവില്ല. ആരോപണം അടിസ്ഥാനരഹിതമാണ്. ആർ.എസ്.എസ് ഓഫീസുകളിലും മ്യൂസിയങ്ങളിലും പ്രവേശിക്കുന്നതിന് ആർക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി.