മധ്യപ്രദേശിലും കൂടുമാറ്റം, കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ സാന്നിധ്യത്തിലായിരുന്നു സുലോചന റാവത്തും മകന്‍ വിഷാല്‍ റാവത്തും ബിജെപി അംഗത്വം സ്വീകരിച്ചത്.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എ സുലോചന റാവത്ത് ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാനത്ത് അടുത്തമാസം ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുന്‍ എംഎല്‍എയുടെ കൂടുമാറ്റം. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ സാന്നിധ്യത്തിലായിരുന്നു സുലോചന റാവത്തും മകന്‍ വിഷാല്‍ റാവത്തും ബിജെപി അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടിയുടെ പ്രത്യേയശാസ്ത്രവും ആദിവാസി മേഖലയിലെ പ്രവര്‍ത്തനങ്ങളുമാണ് ബിജെപിയിലേക്ക് ഇവരെ ആകര്‍ഷിച്ചതെന്ന് മധ്യപ്രദേശ് ബിജെപി അധ്യക്ഷന്‍ വിടി ശര്‍മ പറഞ്ഞു.
1998ലും 2008ലുമായി രണ്ട് തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ സംവരണ മണ്ഡലമായ ജോബത്തില്‍ നിന്നും സുലോചന റാവത്ത് നിയമസഭയിലെത്തിയിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ കലാവതി ഭൂരിയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജോബത്തില്‍ എംഎസ് റാവത്തിനെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം.
അതേസമയം, സുലോചന റാവത്തിന് കോണ്‍ഗ്രസിനെ പുറംതള്ളിയ ചരിത്രമുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് സയ്യിദ് സഫര്‍ പറഞ്ഞു. ഞങ്ങളുടെ സര്‍വെ പ്രകാരം വോട്ടര്‍മാര്‍ക്കിടയില്‍ അവര്‍ സമ്മതയല്ല. അതിശയമെന്താണെന്ന് വെച്ചാല്‍ കേഡര്‍ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ബിജെപിക്ക് ഒരു സ്ഥാനാര്‍ത്ഥിയെ പോലും അവിടെ നിന്ന് കണ്ടെത്താന്‍ കഴിയില്ലേ എന്നും സഫര്‍ ചോദിച്ചു.
ഒക്ടോബര്‍ 30 നാണ് മധ്യപ്രദേശിലെ മൂന്ന് നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്സഭാ സീറ്റിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നിവാരിയിലെ പൃഥ്വിപൂരും സാത്‌ന ജില്ലയിലെ റായ്ഗവോണുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് രണ്ട് നിയമസഭാ മണ്ഡലങ്ങള്‍. ബിജേന്ദ്ര സിങ് റാത്തോഡിന്റെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രഥ്വിപൂരില്‍ അദ്ദേഹത്തിന്റെ മകന്‍ നിതേന്ദ്ര സിങ് റാത്തോഡിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ബിജെപി എംഎല്‍എ ജുഗല്‍ കിഷോര്‍ ബഗ്രിയുടെ മരണത്തെ തുടര്‍ന്നാണ് റായ്‌ഗോവില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി എംപി നന്ദ്കുമാര്‍ സിങ്ങിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന ഖണ്ഡ്വ ലോക്‌സഭാ സീറ്റില്‍ മുന്‍ കേന്ദ്രമന്ത്രി അരുണ്‍ യാദവിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. അതേസമയം നന്ദകുമാര്‍ ചൗഹാന്റെ മകന്‍ ഹര്‍ഷവര്‍ധന്‍ ചൗഹാന്‍ ബിജെപിക്കായി രംഗത്തിറങ്ങും.