ബാബരി മസ്ജിദിൽ ആദ്യം കോടാലി വച്ചു, പിന്നീട് മുസ്‌ലിമായി 91 പള്ളി പണിത മുഹമ്മദ് ആമിർ മരിച്ച നിലയിൽ

ഹൈദരാബാദിലെ ബലാപൂർ റോഡിൽ പണിയുന്ന മസ്ജിദുൽ റഹീമിയ്യയുടെ നിർമാണ മേൽനോട്ടത്തിലായിരുന്നു ആമിര്‍

Update: 2021-07-23 12:41 GMT
Editor : abs | By : Web Desk
Advertising

ഹൈദരാബാദ്: ബാബരി മസ്ജിദ് തകർത്ത കർസേവകനും പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയും ചെയ്ത മുഹമ്മദ് ആമിര്‍ (നേരത്തെ ബൽബീർ സിങ്) അന്തരിച്ചു. ഹൈദരാബാദ് ഓൾഡ് സിറ്റിയിലെ ഹാഫിസ് ബാബ നഗറിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. കാഞ്ചൻബാഗ് പൊലീസെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. 

വീട്ടിൽ നിന്ന് അസ്വാഭാവിക ഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികളാണ് പൊലീസിൽ പരാതിപ്പെട്ടത്. കുടുംബാംഗങ്ങള്‍ ആരെങ്കിലും പരാതിപ്പെട്ടാൽ പോസ്റ്റ്‌മോർട്ടം നടത്തി അന്വേഷണം നടത്തുമെന്ന് കാഞ്ചൻബാഗ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജെ വെങ്കട്ട് റെഡ്ഢി പറഞ്ഞു.

നഗരത്തിലെ ബലാപൂർ റോഡിൽ പണിയുന്ന മസ്ജിദുൽ റഹീമിയ്യയുടെ നിർമാണ മേൽനോട്ടത്തിലായിരുന്നു ആമിര്‍. ബാബരിക്ക് പകരം നൂറ് പള്ളികൾ നിർമിക്കുക എന്നതായിരുന്നു 1993 ജൂൺ ഒന്നിന് ഇസ്‌ലാം സ്വീകരിച്ച ആമിറിന്റെ ലക്ഷ്യം.

1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്ത വേളയിൽ പള്ളിയുടെ താഴിക്കുടങ്ങളിലേക്ക് ഇരച്ചു കയറിയ ആദ്യ കർസേവകരിൽ ഒരാളായിരുന്നു അദ്ദേഹം. ഇതേക്കുറിച്ച് ആമിര്‍ മുംബൈ മിററിന് നൽകിയ അഭിമുഖത്തിൽ പറയുന്നത് ഇങ്ങനെ;

'ഡിസംബർ ആദ്യവാരത്തിൽ അയോധ്യയിലേക്ക് പുറപ്പെട്ട വേളയിൽ സുഹൃത്തുക്കൾ പറഞ്ഞത്, എന്തെങ്കിലും നേടാതെ തിരിച്ചുവരരുത് എന്നാണ്. ഡിസംബർ അഞ്ചിന്, ബഹളമയമായിരുന്നു അയോധ്യ. അയോധ്യയും ഫൈസാബാദും വി.എച്ച്.പിയുടെ ആൾക്കാരെ കൊണ്ട് നിറഞ്ഞിരുന്നു. ആയിരക്കണക്കിന് കർസേവകർക്കൊപ്പമായിരുന്നു താമസം. സിന്ധി ദൈവമായ ജുലേലാലിനെ ആരാധിച്ചിരുന്ന അദ്വാനി ഞങ്ങൾക്ക് പ്രധാനപ്പെട്ട ആളായിരുന്നില്ല. ഉമാഭാരതി നാടകരാജ്ഞി ആയിരുന്നു. ഉറ്റസുഹൃത്ത് യോഗേന്ദർ പാലായിരുന്നു എന്റെ കൂടെ. ഞങ്ങൾ എല്ലാം അക്ഷമരായിരുന്നു'

പള്ളി തകർത്ത ദിനം അവിടെ നിറയെ ആഘോഷമായിരുന്നു. മന്ദിർ യഹീ ബനായേഗി (ഇവിടെ തന്നെ ക്ഷേത്രം നിർമിക്കും) എന്ന അട്ടഹാസങ്ങൾ കേട്ടു. 'അന്ന് ഞാനൊരു മൃഗത്തെ പോലെയായി. പള്ളി പൊളിക്കവെ ദൂരെ നിന്ന് ഞങ്ങൾക്കു നേരെ ഒരു ഹെലികോപ്ടർ വരുന്നത് കണ്ട് ഞാൻ പേടിച്ചു. താഴെ നിന്നുള്ള അലറി വിളികൾ എന്റെ ചെവിയിൽ ആർത്തലച്ചു. വീണ്ടും ധൈര്യം സംഭരിച്ച് പിക്കാസെടുത്ത് പള്ളിയുടെ മിനാരത്തിന് മുകളിലേക്ക് കയറി.'- അദ്ദേഹം പറഞ്ഞു. 

ബാബരി തകർത്ത് തിരിച്ചെത്തിയ ബൽബീറിന് നാട്ടിൽ വീരോചിത വരവേൽപ്പാണ് ലഭിച്ചത്. അയോദ്ധ്യയിൽ നിന്ന് കൊണ്ടു വന്ന രണ്ട് ഇഷ്ടികകൾ പാനിപ്പത്തിലെ ശിവസേനാ ഓഫീസിൽ സൂക്ഷിച്ചു. എന്നാൽ വീട്ടിൽ മറ്റൊന്നായിരുന്നു സ്ഥിതി. 'ഒന്നുകിൽ നീ, അല്ലെങ്കിൽ ഞാൻ. വീട്ടിൽ നിന്നിറങ്ങണമെന്ന, ഗാന്ധിയൻ മൂല്യങ്ങളിൽ വിശ്വസിച്ചിരുന്ന അച്ഛന്റെ അന്ത്യശാസനം വന്നു. ഞാൻ വീടു വിട്ടിറങ്ങി. ഞാനെന്റെ ഭാര്യയെ നോക്കി. അവൾ അവിടെ നിന്നേയുള്ളൂ. ഇതോടെ വീട്ടിൽ നിന്ന് തനിച്ച് ഇറങ്ങിപ്പോന്നു'

മുസ്ലിംകളുടെ കൈയിൽ കിട്ടാത്ത ഒരു സ്ഥലത്ത് ബൽബീർ അഭയം അന്വേഷിച്ചു. ആളൊഴിഞ്ഞ കെട്ടിടങ്ങളിലും വയലുകളിലും താമസിച്ചു. അങ്ങനെ മാസങ്ങൾ അലഞ്ഞു നടന്നു. അച്ഛൻ മരിച്ചു എന്നറിഞ്ഞതോടെ വീട്ടിലേക്ക് തിരിച്ചു വന്നു. എന്നാൽ വീട്ടുകാർക്ക് ആർക്കും ബൽബീറിനെ വേണ്ടായിരുന്നു. തന്റെ സംസ്‌കാരത്തിൽ രണ്ടാമത്തെ മകനെ പങ്കെടുപ്പിക്കരുത് എന്ന് അച്ഛൻ കുടുംബങ്ങളോട് പറഞ്ഞേൽപ്പിച്ചിരുന്നു.

അതിനിടെ അയോധ്യയിലേക്കുള്ള യാത്രയിൽ കൂടെയുണ്ടായിരുന്ന യോഗേന്ദ്രപാൽ ഇസ്‌ലാം സ്വീകരിച്ചു. ഇതിന് പിന്നാലെ ബൽബീർ മുസഫർനഗറിലെ മൗലാനാ കലീം സിദ്ദീഖിയെ പോയിക്കണ്ടു. ഇതേക്കുറിച്ച് ബൽബീർ പറയുന്നതിങ്ങനെ;

'മതം മാറാൻ ആഗ്രഹിച്ചിരുന്നോ എന്ന് നിശ്ചയമുണ്ടായിരുന്നില്ല. മൗലാനാ എന്റെ അപേക്ഷ സ്വീകരിച്ചു. ഒരു പള്ളി പൊളിക്കാൻ കൂട്ടുനിന്ന നിങ്ങൾക്ക് നിരവധി പള്ളികൾ നിർമിക്കാൻ സഹായിക്കാനാകും എന്നു പറഞ്ഞു. ഒരു ചെറിയ വാക്കു മാത്രമായിരുന്നു അത്. ഞാനിരുന്ന് കരയാൻ തുടങ്ങി. മദ്രസയിൽ കുറച്ചു മാസങ്ങൾ ചെലവഴിച്ച ശേഷമാണ് മുഹമ്മദ് ആമിര്‍ എന്ന പേരു സ്വീകരിച്ച് മുസ്ലിമായത്. അതോടെ എന്റെ ജീവിതം വീണ്ടും പാളത്തിൽ കയറി' 

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News