എന്‍.എസ്.ഇ ക്രമക്കേട്: യോഗിയുടെ നിര്‍ദേശപ്രകാരം നിയമിതനായ ആനന്ദ് സുബ്രഹ്മണ്യം അറസ്റ്റില്‍

സ്റ്റോക്ക് മാർക്കറ്റ് കൃത്രിമം സംബന്ധിച്ച കോ ലൊക്കേഷന്‍ കേസിലാണ് അറസ്റ്റ്

Update: 2022-02-25 05:53 GMT
Advertising

നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് മുന്‍ ഗ്രൂപ്പ് ഓപറേറ്റിങ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യം അറസ്റ്റില്‍. സി.ബി.ഐ ചെന്നൈയിലെത്തിയാണ് ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്തെത്തിച്ചു. സ്റ്റോക്ക് മാർക്കറ്റ് കൃത്രിമം സംബന്ധിച്ച കോ ലൊക്കേഷന്‍ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസങ്ങളിലെ ചോദ്യംചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

എന്‍.എസ്.ഇയുടെ സെര്‍വറുകളില്‍ നിന്ന് ചില ബ്രോക്കര്‍മാര്‍ക്ക് മാത്രം പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന പരാതിയിലായിരുന്നു അന്വേഷണം. എൻ.എസ്.ഇയുടെ സെർവർ റൂമിൽ തന്നെ കമ്പ്യൂട്ടർ സ്ഥാപിച്ച് ഒരു ബ്രോക്കര്‍ക്ക് മറ്റ് ബ്രോക്കർമാരേക്കാള്‍ വേഗത്തില്‍ മാർക്കറ്റ് ഫീഡ് ആക്‌സസ് ലഭിച്ചു. ഇതിലൂടെ അവര്‍ ട്രേഡിങില്‍ വലിയ സാമ്പത്തിക നേട്ടം സ്വന്തമാക്കി. സഞ്ജയ് ഗുപ്ത എന്ന ബ്രോക്കറും അദ്ദേഹത്തിന്‍റെ ഒപിജി സെക്യൂരിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമാണ് ഇത്തരത്തില്‍ നേട്ടമുണ്ടാക്കിയതെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് അറസ്റ്റ്.

2013ല്‍ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (എൻ.എസ്‌.ഇ) ചീഫ് സ്ട്രാറ്റജിക് അഡ്വൈസറായാണ് ആനന്ദ് സുബ്രഹ്മണ്യനെ ആദ്യം നിയമിച്ചത്. എൻ.എസ്‌.ഇ എം.ഡി ചിത്ര രാമകൃഷ്ണ ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫീസറായി ആനന്ദ് സുബ്രഹ്മണ്യന് സ്ഥാനക്കയറ്റം നൽകി. എൻ.എസ്‌.ഇയിലെ ക്രമക്കേട് സംബന്ധിച്ച് ആരോപണവിധേയനായതോടെ ജോലി വിട്ടു. ചിത്ര രാമകൃഷ്ണ ആനന്ദ് സുബ്രഹ്മണ്യത്തെ എന്‍.എസ്.ഇയില്‍ നിയമിച്ചത് അജ്ഞാതനായ യോഗിയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്ന സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) കണ്ടെത്തലിന്‍റെ പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തെ സി.ബി.ഐ വീണ്ടും ചോദ്യംചെയ്തത്. നിയമനം ഉള്‍പ്പെടെ എന്‍.എസ്.ഇയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ചിത്ര രാമകൃഷ്ണയ്ക്കും ആനന്ദ് സുബ്രഹ്മണ്യനും സെബി പിഴ ചുമത്തിയിരുന്നു. ചിത്ര രാമകൃഷ്ണയ്ക്ക് 3 കോടി രൂപയും ആനന്ദ് സുബ്രഹ്മണ്യത്തിന് 2 കോടി രൂപയും എൻ.എസ്.ഇ മുന്‍ എംഡിയും സി.ഇ.ഒയുമായ രവി നരേൻ, ചീഫ് റെഗുലേറ്ററി ഓഫീസര്‍ വി ആർ നരസിംഹൻ എന്നിവര്‍ക്ക് 6 ലക്ഷം രൂപയുമാണ് പിഴ വിധിച്ചത്.

Full View

2013 മുതൽ 2016 വരെ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ സിഇഒയും മാനേജിങ് ഡയറക്‌ടറുമായിരുന്ന ചിത്ര രാമകൃഷ്ണ ബോര്‍ഡ് അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജിവെച്ചത്. ചിത്ര രാമകൃഷ്ണ ഇ മെയിലിലൂടെ അവര്‍ ഹിമായലത്തിലെ യോഗിയെന്ന് വിളിക്കുന്ന അജ്ഞാത വ്യക്തിയുമായി എന്‍.എസ്.ഇയുടെ ഭാവി പദ്ധതികള്‍, ഡിവിഡന്‍റ് പേ ഔട്ട് റേഷ്യോ, ഉദ്യോഗസ്ഥരുടെ പെര്‍ഫോമന്‍സ് അപ്രൈസല്‍ തുടങ്ങി ഡയറക്ടര്‍ ബോര്‍ഡിന്‍റെ അജണ്ടകള്‍ വരെ പങ്കുവെച്ചിരുന്നുവെന്ന് സെബി കണ്ടെത്തി‍. ഗ്രൂപ്പ് ഓപ്പറേറ്റിങ് പദവിയിലേക്ക് വേണ്ടത്ര പ്രവൃത്തി പരിചയമില്ലാത്ത ആനന്ദ് സുബ്രഹ്മണ്യത്തെ നിയമിച്ചതും അജ്ഞാത വ്യക്തിയുടെ നിര്‍ദേശ പ്രകാരമാണെന്ന് സെബി കണ്ടെത്തി. 20 വര്‍ഷം മുന്‍പ് ഗംഗാ തീരത്താണ് യോഗിയെ കണ്ടതെന്നും അന്നു മുതല്‍ വ്യക്തിപരവും പ്രൊഫഷനലുമായി കാര്യങ്ങളില്‍ അദ്ദേഹത്തിന്‍റെ ഉപദേശം തേടാറുണ്ടെന്നുമാണ് ചിത്ര രാമകൃഷ്ണ പറഞ്ഞത്. എന്നാല്‍ ഈ യോഗി ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ചിത്ര രാമകൃഷ്ണയെയും സി.ബി.ഐ ചോദ്യംചെയ്തിരുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News