ഉത്തരാഖണ്ഡില്‍ മുന്‍മന്ത്രി സ്വയം വെടിവെച്ച് മരിച്ചു

കൊച്ചുമകളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് മരുമകൾ പരാതി നല്‍കിയതിനു പിന്നാലെയാണ് ആത്മഹത്യ

Update: 2022-05-27 13:43 GMT
Advertising

ഡല്‍ഹി: ഉത്തരാഖണ്ഡിലെ റോഡ്‍വേസ് യൂണിയന്‍ നേതാവും മുന്‍മന്ത്രിയുമായ രാജേന്ദ്ര ബഹുഗുണ ആത്മഹത്യ ചെയ്തു. കൊച്ചുമകളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് മരുമകൾ പരാതി നല്‍കിയതിനു പിന്നാലെയാണ് ആത്മഹത്യ. സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.

59കാരനായ ബഹുഗുണ, ഹൽദ്‌വാനിയിലെ വീട്ടിൽ നിന്ന് 112 എന്ന എമർജൻസി നമ്പറിൽ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് അറിയിച്ചു. പൊലീസ് വന്നപ്പോൾ, സ്വയം വെടിവയ്ക്കുമെന്ന് പറഞ്ഞ് ബഹുഗുണ വെള്ളത്തിന്‍റെ ടാങ്കിന് മുകളില്‍ കയറുകയായിരുന്നു. അയല്‍വാസികളുടെ മുന്‍പില്‍ വെച്ചായിരുന്നു സംഭവം. പൊലീസ് ഉച്ചഭാഷിണിയിലൂടെ ബഹുഗുണയോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും തനിക്കെതിരെ കള്ളക്കേസ് ചുമത്തിയെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഒരു ഘട്ടത്തിൽ അദ്ദേഹം ഇറങ്ങിവരുമെന്ന് തോന്നി. എന്നാൽ പെട്ടെന്ന് നെഞ്ചിൽ സ്വയം വെടിയുതിർത്ത ബഹുഗുണ, സംഭവ സ്ഥലത്തു തന്നെ മരിച്ചു.

"മരുമകളുടെ ആരോപണത്തിൽ അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു"- പൊലീസ് ഉദ്യോഗസ്ഥൻ പങ്കജ് ഭട്ട് പറഞ്ഞു. മരുമകളുടെ പരാതിയിൽ ബഹുഗുണയ്‌ക്കെതിരെ പോക്‌സോ നിയമ പ്രകാരമാണ് കേസെടുത്തത്. രാജേന്ദ്ര ബഹുഗുണയുടെ മകൻ അജയ് ബഹുഗുണ ഭാര്യയുമായി അകന്നുകഴിയുകയായിരുന്നു. അജയ്‍യുടെ പരാതിയിൽ ഭാര്യ, ഭാര്യാപിതാവ്, അയൽവാസി എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി.

ബഹുഗുണ 2004-2005ൽ എൻ.ഡി തിവാരി സർക്കാരിൽ സഹമന്ത്രിയായിരുന്നു. ഭാരതീയ മസ്ദൂർ സംഘ്, പരിവാഹൻ സംഘ്, റോഡ്‌വേസ് എംപ്ലോയീസ് യൂണിയൻ, ഐഎൻടിയുസി മസ്ദൂർ സംഘ് എന്നിവയുടെ നേതാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News